കോട്ടയം: കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിൽനിന്ന് അകന്നതോടെ കുട്ടികളുടെ മനസ്സും താളംതെറ്റുന്നു. വീട്ടിലെ നിസ്സാരവഴക്കിൽ തുടങ്ങി ആത്മഹത്യയിൽവരെ എത്തിനിൽക്കുന്നു അവരുടെ മാനസിക സംഘർഷങ്ങൾ. സ്കൂളിലോ പുറത്തോ പോകാത്തതിനാൽ സമപ്രായക്കാരോട് ഇടപഴകാനാകാത്തതാണ് കുട്ടികളുടെ മാനസിക പിരിമുറുക്കം കൂട്ടുന്നതെന്ന് കൗൺസലിങ് വിദഗ്ധർ പറയുന്നു.
വീടിനു പുറത്തിറങ്ങുന്നതും കൂട്ടുകൂടുന്നതുമാണ് കുട്ടികളുടെ പ്രധാന സന്തോഷങ്ങൾ. അതില്ലാതായെന്ന് മാത്രമല്ല വീടിനകത്ത് മാതാപിതാക്കളുടെ നിയന്ത്രണം ഏറിയതും കുട്ടികളെ സമ്മർദത്തിലാക്കുന്നു.
വിദ്യാർഥികളെ അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയ ഓൺലൈൻ പഠനവും മനസ്സുമടുപ്പിക്കുകയാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതാണ് ഭൂരിഭാഗം കുട്ടികളുടെയും പ്രശ്നം. ആദ്യദിവസങ്ങളിൽ ആവേശത്തോടെ ഫോൺ കൈയിലെടുത്തിരുന്നെങ്കിലും ഇപ്പോൾ ഫോണിൽ നോക്കിയിരിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. ചില സ്വകാര്യ സ്കൂളുകൾ വൈകുന്നേരംവരെ ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ട്. രാത്രി നോട്ടെഴുത്തും കൂടിയാകുേമ്പാൾ കുട്ടികളുടെ ദിവസം തീരും.
കളിച്ചുചിരിച്ച് സന്തോഷത്തോടെ നടന്നിരുന്ന കുട്ടികൾ പെട്ടെന്ന് നിശ്ശബ്ദരാകുന്നതും അനാവശ്യമായി മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നതും വാശിയോടെ പെരുമാറുന്നതും കൃത്യമായി ദിനചര്യകൾ ചെയ്യാത്തതുമെല്ലാം ഉള്ളിലെ അസ്വസ്ഥതകളുടെ പ്രതിഫലനമാണ്. ഇത്തരം കുട്ടികൾ കൂടുതൽ ഉൾവലിയാൻ ശ്രമിക്കുന്നതിനാൽ പ്രശ്നപരിഹാരത്തിനു മറ്റുള്ളവരെ സമീപിക്കാൻ സാധ്യത കുറവാണ്. ക്രമേണ ഇവർ വിഷാദത്തിലേക്ക് നീങ്ങും. കുട്ടികളിലെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിയാനോ മാനസിക പിന്തുണ നൽകാനോ മാതാപിതാക്കൾക്ക് കഴിയുന്നില്ല. നല്ല തല്ലുകിട്ടാത്തതിെൻറ കുറവാണെന്നും അഹങ്കാരമാണെന്നും പറഞ്ഞ് ഇതിനെ നിസ്സാരവത്കരിക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്. മുതിർന്നവരെപ്പോലെ കുട്ടികൾക്കുമുണ്ട് ഒറ്റപ്പെടലും കോവിഡിനെ കുറിച്ചുള്ള ആശങ്കകളും.
അവരെ കരുതലോടെയും സ്നേഹത്തോടെയും ചേർത്തുപിടിക്കുകയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് കൗൺസലിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാനസിക ആരോഗ്യം ശക്തിപ്പെടുത്തണം
കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക ആരോഗ്യം സങ്കീർണവിഷയമാണ്. സാമൂഹിക ബന്ധം ഇല്ലാതാകുേമ്പാൾ എല്ലാവരിലുമെന്ന പോലെ കുട്ടികളിലും പ്രശ്നങ്ങളുണ്ടാകുന്നു. വീടുകളിലെ പ്രതികൂല സാഹചര്യം കൂടിയാകുേമ്പാൾ ആത്മഹത്യപ്രവണതക്ക് സാധ്യതയേറെയാണ്. മാതാപിതാക്കളെ ഇതിൽ കുറ്റപ്പെടുത്താനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ വിഷമതകളിലാണ് ഓരോ കുടുംബവും. മാനസിക ആരോഗ്യം ശക്തിപ്പെടുത്തുക എന്നതാണ് അടിയന്തര പോംവഴി
-ഡോ. പി.ജി. സജി (കോട്ടയം മെഡി. കോളജ് സൈക്യാട്രി അസി. പ്രഫസർ).
മാതാപിതാക്കൾ ശ്രദ്ധിക്കണം
നമ്മൾ മാത്രം ഇൗ മഹാമാരിയുടെ കാലം അതിജീവിച്ചാൽ പോരാ. കുട്ടികളെയും നമുക്കൊപ്പം കൊണ്ടുവരണം. അവരെ ചേർത്തുപിടിച്ചുകൊണ്ടാകണം നമ്മുടെ അതിജീവനം. പഠനം അതിെൻറ ഒരു ഭാഗം മാത്രമാണ്. അതു മനസ്സിലാക്കേണ്ടത് മാതാപിതാക്കളാണ്. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്കായി ഇഫക്ടിവ് പാരൻറിങ്, സൈബർ ക്രൈം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നൽകും
-ഫൗസിയ ബീവി ( ‘ഒപ്പം’ ടെലികൗൺസലിങ് കോട്ടയം ജില്ല ജോയൻറ് കോഓഡിനേറ്റർ).
‘ഒപ്പ’മുണ്ട് കൂടെ
•സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിങ് സെല്ലിെൻറ ആഭിമുഖ്യത്തിൽ ‘ഒപ്പം’ ടെലികൗൺസലിങ് എല്ലാ ജില്ലകളിലും തുടങ്ങിയിട്ടുണ്ട്. ലോക്ഡൗൺ കാരണം സ്കൂളിൽ പോകാൻ കഴിയാതെയും സാമൂഹിക ജീവിതത്തിൽ ഏർപ്പെടാൻ പറ്റാതെയും വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷം, ഓൺലൈൻ സംശയ നിവാരണം, ആത്മഹത്യപ്രവണത തുടങ്ങിയ പ്രശ്നങ്ങൾക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബന്ധപ്പെടാം.
•ലോക്ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശ നമ്പറായ 1056 ലും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.