മൂന്നാർ: ചിന്നക്കനാൽ വിലക്ക് ഭാഗത്ത് മുത്തമ്മാൾക്കുടിയിൽ ആദിവാസി പുനരധിവാസ പദ്ധതിക്കായി സർക്കാർ മാറ്റിയിട്ടിരുന്ന എട്ടേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് സ്വകാര്യ വ്യക്തി നടത്തിയ കൈയേറ്റം ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ രാജീവ്കുമാറിെൻറ നേതൃത്വത്തിൽ ഭൂസംരക്ഷണ സേന ഒഴിപ്പിച്ചു. സ്ഥലത്ത് അനധികൃതമായി നിർമിച്ച തകര ഷീറ്റ് മേഞ്ഞ കെട്ടിടവും ഗേറ്റും പൊളിച്ചുനീക്കി സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. ഭൂമി കൈയേറ്റത്തിെൻറ പേരിൽ ഇതിനു മുമ്പും നിയമനടപടി നേരിട്ട ചിന്നക്കനാൽ സ്വദേശി വാളൂക്കുന്നേൽ സക്കറിയ ജോസഫ് വർഷങ്ങൾ മുമ്പ് കല്ല് കയ്യാല കെട്ടി കൈവശപ്പെടുത്തിയ ഭൂമിയാണിത്.
ചിന്നക്കനാൽ വില്ലേജ് ഓഫിസിലെ രേഖകൾ പ്രകാരം സർവേ 82/1ൽപെട്ട ഇൗ ഭൂമി, 1977ലെ ഭൂ രജിസ്റ്റർ പ്രകാരം ഗ്രാൻറീസ് കൃഷി ചെയ്യുന്നതിന് വനം വകുപ്പിനു വിട്ടുനൽകിയിരുന്നു. പിന്നീട് റവന്യൂ വകുപ്പ് ആദിവാസികളെ കുടിയിരുത്തുന്നതിനായി തിരിച്ചെടുത്ത് 42 പ്ലോട്ടുകളായി അളന്ന് തിരിച്ചിട്ടു. ഇതിൽ 30 പ്ലോട്ടുകൾ ആദിവാസികൾക്ക് പതിച്ചു നൽകുകയുമുണ്ടായി. അവശേഷിച്ച 12 പ്ലോട്ടുകളാണ് സക്കറിയ ജോസഫ് അവകാശവാദം ഉന്നയിച്ച് അധീനതയിലാക്കിയത്.
ചൊവ്വാഴ്ച രാവിലെ 11ഒാടെ സന്നാഹമായെത്തിയ റവന്യൂ സംഘം ഗേറ്റ് തകർത്ത് ഉള്ളിൽ കടന്ന് ഭൂസംരക്ഷണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു. കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് സർക്കാർവക ഭൂമിയാണെന്നു കാണിക്കുന്ന ബോർഡും സ്ഥാപിച്ചു. ചിന്നക്കനാൽ കൈയേറ്റങ്ങളുടെ പേരിൽ വിവാദത്തിലായ സി.പി.എം പ്രാദേശിക നേതാവിെൻറ നേതൃത്വത്തിൽ ഒരു സംഘം പ്രതിഷേധവുമായി എത്തിയെങ്കിലും അത് വകവെക്കാതെയാണ് റവന്യൂ സംഘം ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.