കോഴിക്കോട്: കോൺഗ്രസിന് പരാജയങ്ങളിൽനിന്ന് ഉയർന്നുവന്ന പാരമ്പര്യമാണുള്ളതെന്നും വിജയിക്കാനുള്ള മാർഗരേഖ കോഴിക്കോട്ട് കഴിഞ്ഞ ദിവസം നടന്ന ചിന്തൻ ശിബിരം വഴി മുന്നോട്ടുവെക്കാനായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തിക്കോടി നാരായണൻ മാസ്റ്റർ രചിച്ച 'സ്വാതന്ത്ര്യ സമരകാലത്തെ കോൺഗ്രസുകാർ-ഡബ്ല്യു.സി. ബാനർജി മുതൽ ജെ.ബി. കൃപലാനി വരെ' എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽനിന്ന് ഏറ്റുവാങ്ങി ഡി.സി.സി ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തൻ ശിബിരത്തിൽ താൻ പങ്കെടുക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ നടന്ന ചിന്തൻ ശിബിരം നാളെ ചരിത്രമാവും. കോൺഗ്രസിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി അതു മാറും. ബി.ജെ.പിയും സി.പി.എമ്മും ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഇക്കാലത്ത് കോൺഗ്രസിന്റെ ചരിത്രത്തിന് പ്രസക്തിയേറെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടി പരിപാടികളിൽ സമ്മാനമായി തിക്കോടി നാരായണൻ മാസ്റ്റർ രചിച്ച കോൺഗ്രസിന്റെ ചരിത്ര ഗ്രന്ഥം നൽകുമെന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുമെന്നും വി.ഡി. സതീശൻ വേദിയിൽ പ്രഖ്യാപിച്ചു.
ഇംഗ്ലീഷ് പരിഭാഷ രാഹുൽ ഗാന്ധിയെക്കൊണ്ട് കോഴിക്കോട്ട് പ്രകാശനം ചെയ്യാനുള്ള നടപടിയെടുക്കും. എം.പി. സൂര്യദാസ് പുസ്തകം പരിചയപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. നിയാസ്, കെ.സി. അബു, കെ.എം. അഭിജിത്, അഡ്വ. എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.
എ.കെ. ഭാസ്കരൻ സ്വാഗതവും പി.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.