കോഴിക്കോട്: നാലു പതിറ്റാണ്ടിലേറെയായി മലയാളിയുടെ സംഗീതശീലത്തിന്റെ ഭാഗമായി ഇഴുകിച്ചേർന്ന ചിത്രശബ്ദത്തിനൊപ്പം പാടാൻ നിങ്ങൾക്കും അവസരം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തിലൂടെ 'മാധ്യമം' നടത്തുന്ന 'ചിത്രവർഷങ്ങൾ' എന്ന പരിപാടിയുടെ ഭാഗമായാണ് പ്രായഭേദമെന്യേ 'ചിത്രപ്പാട്ട്' മത്സരങ്ങൾ നടത്തുന്നത്.
ഡിസംബർ 24ന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് 'ചിത്രവർഷങ്ങൾ' നടക്കുന്നത്. ചലച്ചിത്ര താരം മനോജ് കെ. ജയൻ, ഗായകരായ കണ്ണൂർ ഷെരീഫ്, നിഷാദ് കെ.കെ, മേഘ്ന തുടങ്ങിയ ഗായകരും വേദിയിലെത്തും. പരിപാടിയുടെ ഭാഗമായാണ് 'ചിത്രപ്പാട്ട് മത്സരം' നടത്തുന്നത്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് കെ.എസ്. ചിത്ര പാടിയതിൽ നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടിന്റെ നാലുവരി പാടിയ വിഡിയോ 9645007172 എന്ന നമ്പറിലേക്ക് അയക്കുക. ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക (http://www.madhyamam.com/chithrapattumalsaram). 'എന്തുകൊണ്ട് ചിത്രയെ ഇഷ്ടപ്പെടുന്നു' എന്നുകൂടി വിഡിയോയിൽ വ്യക്തമാക്കണം.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നുള്ളവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 30 പേർക്കായി ഓഫ്ലൈനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽനിന്ന് വിജയികളെ തെരഞ്ഞെടുക്കും.
വിജയികൾക്ക് ആകർഷക സമ്മാനം നൽകും. ഒന്നാം സ്ഥാനക്കാർക്ക് ഡിസംബർ 24ന് നടക്കുന്ന 'ചിത്രവർഷങ്ങൾ' വേദിയിൽ പാടാനും അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പാട്ടുകൾ 'മാധ്യമ'ത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്യും.
'മാധ്യമ'വും മൈജിയും മലബാർ ഗോൾഡും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 'ചിത്രപ്പാട്ട്' മത്സരത്തിന്റെ ലോഗോ ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഐ.എം.സി പരസ്യ ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ സി.ടി.പി. ഉമ്മർ കുട്ടി, മൈജി ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ സി.ആർ. അനീഷ് എന്നിവർക്ക് നൽകി പ്രകാശനംചെയ്തു.
കൈതപ്രത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ 'മാധ്യമം' കോഴിക്കോട് ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, ബ്യൂറോ ചീഫ് ഹാഷിം എളമരം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.