തൃശൂർ: ഇസ്രായേലിൽ ചിട്ടി നടത്തിപ്പിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ ചാലക്കുടി സ്വദേശി അറസ്റ്റിൽ. ചാലക്കുടി പരിയാരം സ്വദേശി ചിറക്കൽ വീട്ടിൽ ലിജോ ജോർജിനെയാണ് (45) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂർ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.ആർ. സന്തോഷ് അറസ്റ്റ് ചെയ്തത്.
മലയാളികളായ 350ഓളം പ്രവാസികളിൽ നിന്നായി 20 കോടി രൂപയിലധികം തട്ടിയെടുത്തതായാണ് പരാതി. ഏഴ് വർഷത്തോളം ഇസ്രായേലിൽ കെയർ ഗിവിങ് വിസയിൽ ജോലി ചെയ്തിരുന്ന ലിജോ ജോർജും കണ്ണൂർ സ്വദേശിനി ഷൈനിയും ‘പെർഫെക്റ്റ് കുറീസ്’ എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. അഞ്ച് മുതൽ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേൽ കറൻസിയായ 5,000 ഷെക്കൽ വീതം 15 മാസത്തേക്ക് 75,000 ഷെക്കൽ അടച്ചാൽ ഒരു ലക്ഷം ഷെക്കൽ തിരിച്ച് കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. 15ാം മാസത്തെ പണം അടക്കേണ്ടെന്നും അതും കൂടി ചേർത്ത് മുഴുവൻ തുകയും തിരിച്ച് നൽകുമെന്നുമായിരുന്നു ഉറപ്പ്.
എന്നാൽ പണം മടക്കി നൽകാതെ ഇവർ മുങ്ങുകയായിരുന്നു. ഇസ്രായേലിൽനിന്നും ഇന്ത്യയിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു ലിജോ. ചാലക്കുടി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്. കേസ് നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.