ചൊക്രമുടി കൈയേറ്റം: റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവ്

കോഴിക്കോട് : ഇടുക്ക് ബൈസസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലെ സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുന്നതിന് തടയുന്നതിൽ ഗുരുതര വിഴ്ച വരുത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവ്. ഇക്കാര്യത്തിൽ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയ ദേവികളം മുൻ തഹസീൽദാർ ഡി. അജയൻ (നിലവിൽ പത്തനംതിട്ട, മല്ലപ്പളളി തഹസിൽദാർ ), ബിജു മാത്യു. ഡെപ്യൂട്ടി തഹസീൽദാർ(ഇലക്ഷൻ)- ദേവികളം (ബൈസൺവാലി വില്ലേജിൻറെ ചാർജ് ഓഫീസർ), എം.എം. സിദ്ദീഖ് (ബൈസൺവാലി വില്ലേജ് ഓഫീസർ) എന്നിവരെയാണ് അച്ചടക്ക നടപടിക്ക് വിധേയമായി, സേവനത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുന്നതിന് കൂട്ടുനിൽക്കുകയും, പരിസ്ഥിതി ലോല പ്രദേശത്ത് ഗൃഹനിർമാണത്തിന് അനുമതി നൽകുകയും ചെയ്തത് ഉദ്യോഗസ്ഥരുടെ ഗുരുതമായ വീഴ്ചയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ദേവികളം സബ്കലക്ടർ സെപ്തംബർ രണ്ടിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


 



ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിന് കീഴിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ അനധികൃത കൈയേറ്റവും നിർമാണവും നടക്കുന്നതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ഈ വിഷയം പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി കലക്ടർക്ക്, ലാൻഡ് റവന്യൂ കമീഷണർ നിർദേശം നൽകിയിരുന്നു.

തുടർന്ന് ഇതിനായി ദേവികളം സബ്കലക്ടറുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീമിനെ ഇടുക്കി കലക്ടർ നിയോഗിച്ചു. ഈ വിഷയത്തിൽ അന്വേഷണം നടത്തി ദേവികളം സബ്‌കലക്ടർ സമർപ്പിച്ച റിപ്പോർട്ട് ഇടുക്കി കലക്ടർ, ലാൻഡ് റവന്യൂ കമീഷണർ വഴി സർക്കാരിന് നൽകി.

റിപ്പോർട്ട് പ്രകാരം ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടി മലനിരകളിലെ സ്ഥലം സർക്കാർ പാറ പുറമ്പോക്കാണ് എന്ന് റിസർവേ രേഖകളിൽ രേഖപ്പെടുത്തിയിക്കുന്നത്. ഇത് കണക്കിലെടുക്കാതെ എൽ.എ 219/1965, എൽ.എ 504/1970 പട്ടയങ്ങളുമായി ബന്ധപ്പെട്ട് ഗൃഹ നിർമാണത്തിനായി എൻ.ഒ.സി അനുവദിക്കുന്നതിന് സിബി ജോസഫ്, സിനി സിബി എന്നിവർ അപേക്ഷ സമർപ്പിച്ചിരുന്നു.

സ്ഥല പരിശോധന നടത്താതെ ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം. സിദ്ദീഖ് 2024 ജൂൺ 13ന് റിപ്പോർട്ട് സമർപ്പിച്ചു. ബൈസൺ വാലി വില്ലേജിൻറെ ചാർജ്ജ് ഓഫീസർ ബിജു മാത്യു (ഡെപ്യൂട്ടി തഹസിൽദാർ (ഇലക്ഷൻ), ദേവികുളം) സ്ഥല പരിശോധന കൂടാതെ തന്നെ എൻ.ഒ.സിക്ക് തീയതി രേഖപ്പെടുത്താതെ ശിപാർശ ചെയ്തു. അത് യാതൊരു വിധ പരിശോധനയും നടത്താതെ ദേവികുളം തഹസിൽദാരായിരുന്ന ഡി. അജയൻ അംഗീകരിച്ച് എൻ.ഒ.സി അനുവദിച്ചു. ഈ മൂന്ന് ഉദ്യോഗസ്ഥരും ഗുരുതമായ വീഴ്ച വരുത്തി.

ഹൈകോടതിയുടെ 2024 മെയ് 22ലെ വിധിന്യായത്തിൽ, എൻ.ഒ.സി നൽകുമ്പോൾ റവന്യൂ അധികാരി പരിശോധിക്കണമെന്ന് ഉത്തരവായിരുന്നു. പട്ടയത്തിൻറെ ആധികാരികതയും പട്ടയത്തിലെ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം. അതുപോലെ ദൂരന്തനിവാരണ നിയമങ്ങൾ പ്രകാരം എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോയെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനം പാലിക്കേണ്ട എന്തെങ്കിലും നിബന്ധനകൾ ഉണ്ടോയെന്നും പരിശോധിച്ചാണ് റവന്യൂ വകുപ്പിൽ നിന്നും എൻ.ഒ.സി നൽകേണ്ടത്.

എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത്തരത്തിലുള്ള പരിശോധനകൾ ഒന്നും നടത്താതെയാണ് എൻ.ഒ.സി അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് പരാതിക്കാസ്പദമായ സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുന്നതിനും സ്വകാര്യ വ്യക്തികളുടെ പേരിൽ സ്ഥാപിച്ച് നൽകുന്നതിനും കാരണമായി. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ള ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും കൃത്യവിലോപവും ആണെന്ന് പരിശോധനയിൽ കണ്ടെത്തി. 

Tags:    
News Summary - Chokramudi encroachment: Order suspending revenue officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.