കൊച്ചി/തിരുവനന്തപുരം/ കോഴിക്കോട്: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് കേരളത്തിലെ ക്രൈസ്തവർ ഒാശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനക്കൊപ്പം ഓശാന തിരുക്കർമങ്ങളും നടന്നു. ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമായി.
എന്നാൽ, കുരുത്തോല പ്രദക്ഷിണം അടക്കമുള്ള ചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. അതേസമയം ഒാൺലൈൻ വഴി ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യമേർപ്പെടുത്തിയിരുന്നു.
യേശുവിന്‍റെ ജറൂസലം പ്രവേശനത്തിന്റെ ഓർമപുതുക്കിയാണ് ഓശാന ഞായർ ആഘോഷിച്ചത്. കഴുതപ്പുറത്തേറിയുള്ള രാജകീയ പ്രവേശനത്തെ ഈന്തപ്പന ഓലകളും സൈഫിൻ കൊമ്പുകളും ഉയർത്തി സ്വീകരിച്ചതിന്റെ ഓർമ പുതുക്കിയായിരുന്നു കുരുത്തോല പെരുന്നാൾ എന്നുകൂടി അറിയപ്പെടുന്ന ഓശാന ഞായർ ആചരിച്ചത്.
അന്ത്യ അത്താഴത്തിന്‍റെ ഭാഗമായ പെസഹ വ്യാഴാഴ്ചയും പ്രത്യേക തിരുക്കർമങ്ങളും പള്ളികളിൽ നടക്കും. പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്ന് കുരിശുമരണത്തിന്‍റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളിൽ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.