തിരുവനന്തപുരം: ഇത്തവണ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ ഗവർണറെ ക്ഷണിക്കാതെ സർക്കാർ നടത്തിയ ഓണാഘോഷ പരിപാടികളാണ് ഏവരുടെയും ഓർമ്മയിലെത്തുന്നത്.
സർക്കാറുമായി പരസ്യമായ ഏറ്റുമുട്ടൽ നടക്കുമ്പോഴുള്ള ഗവർണറുടെ ഈ നീക്കം, സർക്കാർ പരിപാടികളിൽ തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരമായാണ് പറയുന്നത്. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിലെത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിനെത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്തുമസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരിക്കുകയാണ്. ഇൗ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാനാണ് ക്ഷണം. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും പരിപാടികൾ സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.