ക്രിസ്മസ്-പുതുവത്സരാഘോഷം: സ്‌പെഷ്യല്‍ ഡ്രൈവ് കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. 2023 ജനുവരി മൂന്നു വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

സ്‌ട്രൈക്കിംഗ് ഫോഴ്‌സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കുന്നു.

നോര്‍ത്ത് പറവൂര്‍, വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, മാമല, കാലടി, അങ്കമാലി ഉള്‍പ്പെടുന്ന ആലുവ മേഖല.

മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ ഉള്‍പ്പെടുന്ന കോതമംഗലം മേഖല.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കല്‍, എറണാകുളം, തൃപ്പൂണിത്തുറ ഉള്‍പ്പെടുന്ന കൊച്ചി മേഖല.

ഹൈവേ പെട്രോള്‍

ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി നിലവിലുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ക്ക് പുറമെ ഹൈവേ പട്രോള്‍ ടീമിനേയും വിന്യസിച്ചിട്ടുണ്ട്.

ഡി.ജെ പാര്‍ട്ടി പരിശോധന

ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്ന ഇടങ്ങളില്‍ അനധികൃത മദ്യ-മയക്കുമരുന്നു ഉപയോഗവും വിപണനവും തടയുന്നതിനായി എക്‌സൈസ്, പോലീസ്, കസ്റ്റംസ്, മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും.

സത്വര പരിശോധന

വാഹന പരിശോധന വര്‍ധിപ്പിക്കുകയും 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുകയും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധന നടത്താന്‍ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും.

വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തും.

ഷാഡോ എക്‌സൈസ്

ജില്ലയില്‍ മദ്യമയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗത്തേയും വിന്യസിച്ചു. മഫ്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

സംയുക്ത പരിശോധന

എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്‌സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്തുവാന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

കരുതല്‍ തടങ്കല്‍

മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികളെ മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പരിശോധനകള്‍

ജനുവരി മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ അബ്കാരി, നര്‍കോട്ടിക്, എം ആൻഡ് ടി.പി എന്നീ ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. 

Tags:    
News Summary - Christmas-New Year Celebration: Special Drive Control Room opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.