കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡിൽ മേജർ ആർച് ബിഷപ്പിന്റെ ഒപ്പോടുകൂടി പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് സിറോ മലബാർ സഭ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരമൊരു സർക്കുലർ മേജർ ആർച് ബിഷപ് നൽകിയിട്ടില്ല.
മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ജൂൺ ഒമ്പതിന് സംയുക്ത സർക്കുലർ പുറത്തിറക്കിയിരുന്നു. 2024 ജൂലൈ മൂന്ന് മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പാക്കാൻ ആവശ്യപ്പെട്ടു അന്തിമ തീരുമാനം അറിയിച്ചുകൊണ്ടാണ് ഈ സർക്കുലർ നൽകിയത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടാക്കിയതാണ് ജൂൺ 15ലെ സർക്കുലറെന്ന് കരുതുന്നു.
ഒമ്പതാം തീയതി നൽകപ്പെട്ടത് ഔദ്യോഗിക സർക്കുലറാണ്. 15ാം തീയതിയെന്ന് മുൻകൂട്ടി തീയതി വെച്ച് പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ സർക്കുലറാണെന്നും ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും സഭ വ്യക്തമാക്കി. ഇതിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.