‘സി.ഐ.സി അഴിച്ചുപണിയണം; ജിഫ്രി തങ്ങളെ ഉൾപ്പെടുത്തണം’ -എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ

കോഴിക്കോട്: അബ്ദുൽഹകീം ഫൈസി ആദൃശേരി രാജിവെച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിൽ (സി.ഐ.സി) അഴിച്ചുപണി ആവശ്യമാണെന്നും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പറഞ്ഞു. വിഷയം ചർച്ചചെയ്യാൻ ചേർന്ന ഇരു സംഘടനകളുടെയും സംയുക്ത സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

അഞ്ചുവർഷത്തെ കോഴ്സ് കഴിഞ്ഞശേഷം മാത്രമേ പെൺകുട്ടികൾ വിവാഹം കഴിക്കാവൂ എന്ന സി.ഐ.സിയുടെ നിബന്ധന സ്വീകാര്യമല്ലെന്ന് സമസ്ത നേരത്തേ വ്യക്തമാക്കിയതാണ്. അതുപോലെ സി.ഐ.സിയിൽ സമസ്തക്കുള്ള ആധികാരികത അരക്കിട്ടുറപ്പിച്ച് ഭരണഘടനയിൽ മാറ്റം വരുത്തണം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ സി.ഐ.സി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. ഇക്കാര്യങ്ങൾ സി.ഐ.സി പ്രസിഡന്‍റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

എസ്.വൈ.എസ് പ്രസിഡന്‍റ് സാദിഖലി തങ്ങൾ സംഘടനയുടെ നിർദേശം ലംഘിച്ച് ഹകീം ഫൈസിയുമായി വേദി പങ്കിട്ടിട്ടില്ല. സാദിഖലി തങ്ങളെ ഹകീം ഫൈസിയുടെ ആളുകൾ വഞ്ചിച്ചതാണ്. നാദാപുരത്ത് നടന്ന യോഗത്തിൽ ഹകീം ഫൈസി ഉണ്ടാകില്ലെന്ന് സാദിഖലി തങ്ങൾക്ക് സംഘാടകർ ഉറപ്പുനൽകിയിരുന്നു. പക്ഷേ, ഹകീം ഫൈസിയെ വേദിയിൽനിന്ന് ഇറക്കിവിടാതിരുന്നത് സാദിഖലി തങ്ങളുടെ സംസ്കാരം അനുവദിക്കാത്തതുകൊണ്ടാണ്.

താൻ ലീഗിനൊപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഹകീം ഫൈസി ഇത്രയുംകാലം പ്രവർത്തിച്ചത്. ലീഗ് പ്രവർത്തകരുടേത് ഉൾപ്പെടെ പിന്തുണ ലഭിക്കാനായിരുന്നു ഇത്. സമസ്തയോട് ഒട്ടും മാന്യമല്ലാത്ത സമീപനവുമായാണ് അദ്ദേഹം മുന്നോട്ടുപോയത്. സി.ഐ.സി സ്ഥാപനങ്ങളിലെ വിദ്യാർഥികളെ അദ്ദേഹം ‘ബ്രെയിൻവാഷ്’ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാർച്ച് ഒന്നിന് കോഴിക്കോട്ട് വിപുലമായ കൺവെൻഷൻ ചേർന്ന് നിജസ്ഥിതി വിശദീകരിക്കും. തന്‍റെ ഭാഗം കേൾക്കാതെയാണ് സമസ്തയുടെ നടപടിയെന്ന ഹകീം ഫൈസിയുടെ വാദം ശരിയല്ല. നിരവധി തവണ സമസ്ത നേതൃത്വം അദ്ദേഹവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമസ്തക്കെതിരെ നിരന്തരം ദുഷ്പ്രചാരണം നടത്തുകയാണ് ഹകീം ഫൈസിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

വാർത്തസമ്മേളനത്തിൽ എസ്.വൈ.എസ് ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂർ, ട്രഷറർ ഫക്റുദ്ദീൻ തങ്ങൾ, മുസ്തഫ മുണ്ടുപാറ, കെ. മോയിൻകുട്ടി, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - 'CIC should be reconstructed; Jifri thangal should include'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.