പൗരത്വ പ്രക്ഷോഭം: മുഖ്യമന്ത്രിയുടെ സമീപനം ഇരട്ടത്താപ്പെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: ഒരേ സമയം സി.എ.എയെ തള്ളിപ്പറയുകയും എന്നാല്‍ വംശീയാടിസ്ഥാനത്തിലുള്ള നിയമത്തിനെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം ഇരട്ടത്താപ്പ് ആണെന്ന് എസ്.ഡി.പി.ഐ.

മതാടിസ്ഥാനത്തില്‍ ചിലര്‍ക്ക് പൗരത്വം നല്‍കുകയും ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന സി.എ.എ കേരളത്തില്‍ മാത്രം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പ്രതിഷേധക്കാര്‍ക്കെതിരേ വ്യാപകമായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയാണ്.

മുഖ്യമന്ത്രിക്ക് ധാര്‍മികതയുണ്ടെങ്കില്‍ സി.എ.എ വിജ്ഞാപനം ഇറങ്ങിയ ശേഷം നടന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ തയാറാവണം. 2020 ല്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയിലുള്‍പ്പെടെ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി നാളിതുവരെ 835 കേസുകളില്‍ കേവലം 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്.

ആ കേസുകളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇപ്പോഴും സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. 835 ല്‍ 732 കേസുകളും ഗുരുതരമല്ലാത്തവയാണെന്ന് വ്യക്തമായിട്ടും പിന്‍വലിക്കാന്‍ തയാറാവാത്തത് കാപട്യമാണ്. ഇപ്പോഴും ഇരട്ടമുഖം വ്യക്തമാക്കുന്ന തരത്തിലാണ് നടപടികള്‍. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാന്‍ തയാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.  

Tags:    
News Summary - Citizenship agitation: SDPI says CM's approach is double standard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.