കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡി.വൈ. എസ്.പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ രണ്ടുമണിക്കൂറോളം നീണ്ടു. ഉച്ചക്ക് 12.30നാണ് രവി ഡി.സി. എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണറിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. ഇ.പിയുമായി കരാറുണ്ടായിരുന്നില്ല എന്നും ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ് മൊഴിയിലുള്ളത് എന്നാണ് വിവരം.
കരാര്‍ രേഖകള്‍ രവി ഡി.സി ഹാജരാക്കിയിട്ടില്ല. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170 ല്‍ അധികം വരുന്ന പേജുകളുടെ പി.ഡി.എഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി ഡി.സി അന്വേഷണസംഘത്തോടു പറഞ്ഞു
അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സി.ബുക്സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്സിന് കരാർ ഇല്ലെന്ന് ജീവനക്കാർ നേരത്തേ മൊഴി നൽകിയിരുന്നു.
വിവാദത്തിൽ ഇ.പി. ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്സിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിരുന്നു. ഇ.പിയുടെ പരാതിയിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്.
ചേലക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇ.പിയുടെ ആത്മകഥയിലെ വിവാദ പരാമർശങ്ങൾ പുറത്തുവന്നത്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് പ്രയാസമുണ്ടാക്കിയെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമെന്നുമായിരുന്നു പുറത്തുവന്ന പരാമർശങ്ങളിലുണ്ടായിരുന്നത്. കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
പാലക്കാട്ടെ ഇടതു സ്ഥാനാർഥി സരിൻ വയ്യാവേലിയാണെന്നും പരാമർശമുണ്ടായി. ഈ പരാമർശങ്ങൾ തന്റെതല്ലെന്നും ആത്മകഥ എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപിച്ചിട്ടില്ലെന്നുമാണ് വിവാദങ്ങൾക്ക് ജയരാജന്റെ മറുപടി. വിവാദങ്ങൾക്ക് പിന്നാലെ സരിന്റെ പ്രചാരണത്തിനായി ഇ.പി പാലക്കാട്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.