പൗരത്വ കേസുകൾ പിൻവലിച്ചത് പ്രചാരണത്തിന്; കോടതിയിലെത്തിയ കേസുകൾ ഇനി എന്തു ചെയ്യാനാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം.

മുസ്‍ലിം സംഘടനകളും പ്രതിപക്ഷപാർട്ടികളും ഉൾപ്പെടെ കേസുകള്‍ പിൻവലിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്ന് തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചുവെന്ന് ഉറപ്പാക്കണം.

ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകണമെന്ന് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിർദേശിച്ചു. കേസുകൾ പിൻവലിക്കാൻ സർക്കാർ പ്രോസിക്യൂട്ടർ വഴി അനുകൂല റിപ്പോർട്ട് ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.

സി.എ.എയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് 114 കേസുകൾ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റമുക്തരാക്കി.

502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019ലാണ് പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. മാർച്ച് 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണ് കേസുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്.

Tags:    
News Summary - Citizenship cases withdrawn for election propaganda -PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.