തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളപരിഷ്കരണ വിഷയത്തിൽ യൂനിയനുകൾ സാവകാശം നൽകിയില്ലെന്ന ഗതാഗതമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി സി.െഎ.ടി.യു. ചർച്ചചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നെന്നും മന്ത്രിയുടെ വാദം തെറ്റാണെന്നും ഭാരവാഹികൾ പറയുന്നു. നാലിന് അർധരാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്.
പിറ്റേദിവസം മുതൽ ശമ്പളം വർധിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടില്ല. ശമ്പളസ്കെയിൽ തീരുമാനിക്കണമെന്നും അതിൽ ഉറപ്പുണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. യൂനിയനുകൾ ആവശ്യപ്പെട്ട മാസ്റ്റർ സ്കെയിൽ അംഗീകരിച്ചാൽപോലും 10 വർഷത്തിനുശേഷം നടക്കുന്ന ശമ്പളപരിഷ്കരണത്തിലെ മിനിമം വർധന 5800 രൂപയാണ്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അക്കാര്യത്തിൽ ഒരുറപ്പുമുണ്ടായില്ല. ശമ്പളം പരിഷ്കരിച്ചിട്ട് 10 വർഷമായി. ജൂണിൽ പരിഷ്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാനേജ്മെൻറ് ചർച്ചക്ക് വിളിച്ചതുപോലും സെപ്റ്റംബർ ഒമ്പതിനാണ്. സെപ്റ്റംബർ 30 നകം മാനേജ്മെൻറ് തല ചർച്ച പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചർച്ചക്ക് വിളിക്കാൻപോലും തയാറാകാതെ വന്നപ്പോഴാണ് പണിമുടക്ക് നോട്ടീസ് നൽകിയത്.
കെ.എസ്.ആർ.ടി.സിയെ അവശ്യ സർവിസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയിൽ സന്തോഷമുണ്ട്. തൊഴിലാളികൾക്കും പെൻഷൻകാർക്കും വേണ്ടി കൊണ്ടുനടക്കുന്ന സ്ഥാപനമാണെന്ന വിമർശനമായിരുന്നു ഇത്രയുംനാൾ കേട്ടിരുന്നത്. അത്യാവശ്യ സർവിസാണെങ്കിലും അല്ലെങ്കിലും വണ്ടി ഓടണമെങ്കിൽ ജീവനക്കാർ വേണം. അതിന് സർക്കാർ അംഗീകരിച്ച വേതനം നൽകിയേ മതിയാകൂവെന്നും ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.