പയ്യന്നൂർ: മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ അസോസിയേറ്റ് എന്ന ഹാർഡ് വെയർ ഷോപ്പ് അടച്ചുപൂട്ടി. സി.ഐ.ടി.യു ഭീഷണിയെ തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ഷോപ്പുടമ പറയുന്നു.
കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തര ഭീഷണിയുണ്ടായതാണ് കാരണമെന്നും ഷോപ്പുടമ വ്യക്തമാക്കി. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ മടക്കി അയക്കുകയും ഷോപ്പിലേക്ക് ചരക്കുകൾ ഇറക്കുന്നത് തടയുകയും ചെയ്യുന്നതായും ഇദ്ദേഹം പറയുന്നു.
2021 ആഗസ്റ്റ് രണ്ടിനാണ് എസ്.ആർ അസോസിയേറ്റ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്കിന് തങ്ങളെ വിളിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഉടമ ഹൈകോടതിയെ സമീപിക്കുകയും സ്വന്തം നിലയിൽ തൊഴിലാളികളെ കൂലിക്ക് വെച്ച് കയറ്റിറക്ക് നടത്താൻ കോടതി അനുമതി നൽകുകയും ചെയ്തു. തുടർന്ന് തൽക്കാലത്തേക്ക് സമരം അവസാനിപ്പിച്ച സി.ഐ.ടി.യു, ഡിസംബർ 23 മുതൽ കടക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങി.
കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഇതിനിടെ ഉപഭോക്താക്കളെ തൊഴിലാളികൾ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതായി ആരോപിച്ച് ഷോപ്പുടമ രംഗത്തെത്തി. തുടർന്ന് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ഇരുവിഭാഗങ്ങളെയും വിളിച്ച് രണ്ടു തവണ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതിനിടയിലാണ് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റിന് മർദനമേറ്റത്.
നിയപരമായാണ് ഷോപ് തുടങ്ങിയതെന്നും ലൈസൻസ് ഉൾപ്പെടെ ഹാജരാക്കിയാണ് ഹൈകോടതിയിൽനിന്ന് വിധി സമ്പാദിച്ചതെന്നും ഷോപ് ഉടമ പറഞ്ഞു. ലൈസൻസ് ഇല്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ലൈസൻസ് രണ്ടു തവണ പുതുക്കി. ഇപ്പോൾ പുതുക്കാൻ അപേക്ഷ നൽകിയതായും ഷോപ് ഉടമ പറഞ്ഞു.
സ്ഥാപനം നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനൊപ്പം തൊഴിലാളികളുടെ തൊഴിൽ ഉറപ്പുവരുത്താനുള്ള ബാധ്യതയും സംഘടനക്കുണ്ടെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയ സെക്രട്ടറി എം.പി. ദാമോദരൻ പറഞ്ഞു. കോടതിവിധി അംഗീകരിക്കുമ്പോൾതന്നെ എല്ലാ കടയുടമകളും സ്വന്തം നിലക്ക് കയറ്റിറക്ക് നടത്തിയാൽ ചുമട്ടുതൊഴിലാളികൾ പട്ടിണിയിലാവും. ഇതംഗീകരിക്കാനാവില്ല.
വിട്ടുവീഴ്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹം. ഒരുമുറിയിൽ പ്രവർത്തിക്കാനാണ് ലൈസൻസെങ്കിലും മൂന്നു മുറികൾ ഉപയോഗിക്കുന്നുണ്ട്. ഇതു നിയമവിരുദ്ധമാണ്. നിയമവിധേയമായ പാർക്കിങ് സ്ഥലവും ഇല്ല. അതുകൊണ്ട് അടച്ചുപൂട്ടലിൽ ദുരൂഹതയുണ്ട് -അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.