സുൽത്താൻ ബത്തേരി: കടം വാങ്ങിയ പണമാണ് കൽപറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് നൽകിയതെന്ന് സി.കെ. ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണിത്. കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.കെ. ജാനു മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സി.കെ. ജാനു സി.പി.എം നേതാവ് സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആണ് ആരോപിച്ചത്. ഇവർ ജോലി ചെയ്യുന്ന കൽപറ്റയിലെ സഹകരണ ബാങ്കിലെത്തിയാണ് പണം കൈമാറിയതെന്നും കോഴ കേസിലെ പരാതിക്കാരനായ നവാസ് വെളുപ്പെടുത്തിയിരുന്നു.
ബി.ജെ.പി നൽകുന്ന പണം സി.പി.എം നേതാവിന് കൈമാറാൻ ജാനു ഇരുവർക്കുമിടയിൽ പ്രവർത്തിക്കുകയാണ്. ഇതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ് പുറത്തുവരുന്നത്. ശശീന്ദ്രന്റെ ഭാര്യക്ക് നേരിട്ടെത്തി പണം നൽകിയ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കണം. മാർച്ച് രണ്ടിന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപമുള്ള ബി.ജെ.പി നേതാവിന്റെ വീട്ടിൽ വെച്ചാണ് ജാനു, പ്രസീത അഴീക്കോട്, ബി.ഡി.ജെ.എസ് വയനാട് ജില്ല നേതാവ് ശ്രീലേഷ് എന്നിവരുമായി സുരേന്ദ്രൻ ചർച്ച നടത്തിയത്. ഇവിടെ വെച്ചാണ് ഡീൽ ഉറപ്പിക്കുന്നത്.
തുടർന്ന് അര മണിക്കൂറോളം സുരേന്ദ്രൻ ജാനുവുമായി ഒറ്റക്ക് സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ റൂമിൽ വെച്ച് പത്തുലക്ഷം രൂപ കൈമാറിയത്. ജാനു പണം എന്തിനൊക്കെ ചെലവാക്കി എന്നതിനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പത്തുലക്ഷം രൂപയുമായി മാർച്ച് എട്ടിന് വൈകീട്ട് വയനാട്ടിലെത്തിയ ജാനു നാലര ലക്ഷം രൂപ ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന കൽപറ്റയിലെ സഹകരണ ബാങ്കിെൻറ ശാഖയിൽ നേരിട്ടെത്തി കൈമാറുകയായിരുന്നു.
ബാക്കി പണം ജാനു നാട്ടിലെ വ്യാപാര സ്ഥാപനങ്ങൾക്കും നൽകി. അതിന്റെ വിശദാംശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ 25 ലക്ഷം രൂപ ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ചും പിന്നീട് പല തവണകളായി 75 ലക്ഷം രൂപയും ജാനുവിന് കൈമാറിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തണമെന്നും നവാസ് ആവശ്യപ്പെടുകയും ചെയ്തു.
കോഴ ആരോപണത്തിൽ സുരേന്ദ്രനും ജാനുവിനും എതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.