കൽപറ്റ: സി.കെ. ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രൻ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സി.കെ. ജാനു കൽപറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ആരോപിച്ചിരുന്നു. ഇവർ ജോലിചെയ്യുന്ന കൽപറ്റയിലെ സഹകരണ ബാങ്കിലെത്തിയാണ് പണം കൈമാറിയത്. കോഴ ആരോപണത്തിൽ സുൽത്താൻ ബത്തേരി പൊലീസെടുത്ത കേസിൽ മൊഴി രേഖപ്പെടുത്തിയശേഷം പരാതിക്കാരനായ നവാസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
''സാമ്പത്തിക സഹായം നൽകിയതും അവർ തിരിച്ചുതന്നതും തീർത്തും സുതാര്യമായ രീതിയിലാണ്. ജാനു എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ച 2019 ഒക്ടോബറിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. അവരുടെ വാഹനവുമായി ബന്ധപ്പെട്ടായിരുന്നു പണത്തിെൻറ ആവശ്യം. നിരന്തരം ആവശ്യം ഉന്നയിച്ചപ്പോൾ കൽപറ്റയിലെ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വായ്പ നൽകാൻ ശ്രമിച്ചു. സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് കേരള ബാങ്കിലെ തെൻറ അക്കൗണ്ടിൽനിന്ന് ഒക്ടോബർ 25ന് വായ്പയായി മൂന്നുലക്ഷം രൂപ ചെക്ക് മുഖേന നൽകിയത്. തിരിച്ചുതരുമെന്ന വ്യവസ്ഥയിലാണ് നൽകിയത്. ഒന്നര ലക്ഷം രൂപ 2020 ജൂലൈ ആറിനും ബാക്കി 2021 മാർച്ച് ഒമ്പതിനും തിരിച്ചുതന്നു'' - സി.കെ ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.