കൊച്ചി: ഏകീകൃത കുർബാന വിവാദവുമായി ബന്ധപ്പെട്ട് സംഘർഷം തുടരുന്ന സാഹചര്യത്തിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പാതിര കുർബാന ഉണ്ടായില്ല. ഇരുവിഭാഗത്തെയും കൂട്ടി എ.ഡി.എം നടത്തിയ ചർച്ചയിലാണ് പാതിരകുർബാന വേണ്ടെന്നുവെക്കാൻ തീരുമാനിച്ചത്.
അതേസമയം, ബസിലിക്കയിലെ സംഭവവികാസങ്ങൾ വേദനജനകമായിപ്പോയെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ പറഞ്ഞു. സിനഡ് തീരുമാനം നടപ്പാക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച, തന്റെ നിർദേശപ്രകാരം എത്തിയ ഫാ. ആന്റണി പൂതവേലിലിനെ തടയുകയും നിയമാനുസൃതമല്ലാത്ത കുർബാന അർപ്പിക്കുകയും ചെയ്തത് സഭയുടെ നിയമങ്ങൾക്കും ചൈതന്യത്തിനും എതിരായ ഗുരുതരതെറ്റാണ്. വൈദികർ മാറി മാറി രാത്രിയിലടക്കം അനധികൃതമായി കുർബാനയർപ്പിച്ചതും സഭയുടെ ചൈതന്യത്തിന് നിരക്കാത്തതാണ്. കുർബാനയെ അവഹേളിക്കുന്ന രീതിയിൽ പള്ളിക്കകത്തും മദ്ബഹയിലും നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കർശന നടപടികൾ ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ പരിഹാരപ്രവർത്തനങ്ങളും ആരാധനയും നടത്താനും മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
എന്നാൽ, മാർ ആൻഡ്രൂസ് താഴത്തിനെ ഭരണ ചുമതലയിൽനിന്ന് ഒഴിവാക്കുംവരെ പ്രതിഷേധം തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞായറാഴ്ച വൈദികരുടെയും അൽമായരുടെയും പ്രത്യേക യോഗം ചേരുമെന്നും സമിതി പറഞ്ഞു.
കൊച്ചി: കുർബാന ഏകീകരണ വിവാദവുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്നും എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഇരുവിഭാഗം വിശ്വാസികളുടെ പോർവിളിയും കൈയേറ്റവും. അൾത്താരയിലേക്ക് ഇരച്ചുകയറിയ ഒരുവിഭാഗം വിശ്വാസികൾ മേശയും ബലിപീഠവും തള്ളിമാറ്റി. ഇതിനിടെ പള്ളിക്കുള്ളിലെ വിളക്കും മറ്റ് സാധനങ്ങളും താഴെ വീണു. അസഭ്യവർഷവും തർക്കവും കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടമെത്തിയപ്പോൾ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച പ്രശ്നങ്ങളാണ് ശനിയാഴ്ച രാവിലെയോടെ സംഘർഷ സമാനമായ സാഹചര്യത്തിൽ കലാശിച്ചത്. വിമതവിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാനയും അർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കനത്ത പൊലീസ് കാവലിലായിരുന്നു പള്ളി പരിസരം. ഔദ്യോഗികപക്ഷം വെള്ളിയാഴ്ച രാത്രിയോടെ കുർബാന നിർത്തി മടങ്ങിയെങ്കിലും വിമത വിഭാഗം രാവിലെവരെ തുടർച്ചയായി കുർബാന നടത്തിക്കൊണ്ടിരുന്നു. പള്ളിക്കുള്ളിലെ രൂപക്കൂടിന് സമീപത്തേക്ക് മാറിനിന്ന് അവർ പ്രാർഥന തുടർന്നു. പൊലീസ് വിശ്വാസികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ ആരും സഹകരിക്കാൻ തയാറായില്ല. സ്ത്രീകളടക്കം വിശ്വാസികൾ ഈസമയം പള്ളിക്കുള്ളിലുണ്ടായിരുന്നു.
ഇതിനിടെ അൾത്താരയിലേക്ക് കയറിയ വിശ്വാസികളിൽ ചിലർ വൈദികരെ അവിടെനിന്ന് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മേശയും ബലിപീഠവും തള്ളിമാറ്റിയത്. പള്ളിക്കുള്ളിലെ വിളക്ക് താഴെവീഴുന്ന സ്ഥിതിയുമുണ്ടായി. എന്നാൽ, കുർബാന അർപ്പണം തുടർന്ന വിമത പക്ഷം പുറത്തിറങ്ങാതെ അൾത്താരയിൽതന്നെ നിലയുറപ്പിച്ചു. ഇരുവിഭാഗവും നേർക്കുനേർ നിന്ന് വൈദികർക്കു നേരെയും പോർവിളിച്ചു. ഇതിനിടെ പൊലീസ് ഇടപെട്ട് എല്ലാവരെയും പള്ളിക്ക് പുറത്തിറക്കി.
അസഭ്യം നിറഞ്ഞതും പ്രകോപനപരവുമായ വാക്കുകളും കൂക്കുവിളിയുമാണ് വീണ്ടും പള്ളിപരിസരത്ത് വിശ്വാസികളിൽനിന്ന് ഉയർന്നത്. പുറത്തേക്കെത്തിയ വൈദികർക്കുനേരെ മോശം പദപ്രയോഗങ്ങളുമായി ഒരുവിഭാഗം തടഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നത് തടസ്സപ്പെടുത്തി വൈദികർക്കു നേരെ ആക്രോശങ്ങളുണ്ടായി. ഒരു മണിക്കൂറിലധികം നീണ്ട സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനിടെ കൂടുതൽ പ്രകോപനമുണ്ടാക്കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പള്ളിയിൽനിന്ന് ഇറക്കുമ്പോൾ വിശ്വാസികളായ സ്ത്രീകളിൽ ചിലർ വികാരപരമായാണ് പ്രതികരിച്ചത്. ക്രിസ്മസ് ദിനങ്ങളിൽ പള്ളി പൂട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. എന്നാൽ, പള്ളിയിൽ പ്രാർഥനകൾക്ക് ഒരു തടസ്സവുമുണ്ടാകില്ലെന്നും ക്രമസമാധാനം ഉറപ്പാക്കാനുള്ള ഇടപെടലുകൾ മാത്രമേ ചെയ്യുന്നുള്ളൂവെന്നും പൊലീസ് മറുപടി നൽകി. ഡെപ്യൂട്ടി കമീഷണറുടെ മധ്യസ്ഥതയിൽ ഇരുവിഭാഗത്തെയും ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തു. സംഘർഷ സാഹചര്യത്തിന് അയവ് വന്നെങ്കിലും ഇരുവിഭാഗം ആളുകളും പള്ളിപരിസരത്ത് പ്രകോപനങ്ങളുമായി നിലയുറപ്പിച്ചു. സ്ഥലത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്. സംഘർഷം തുടർന്നാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് 11 വൈദികർ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് വിമത വിഭാഗം അറിയിച്ചു. മർദനമേറ്റ ഫാ. ജോസ് ചോലിക്കര, ഫാ. രാജൻ പുന്നക്കൽ, ഫാ. ജൂലിയസ് കറുകത്തറ, ഫാ. ടോം മുള്ളഞ്ചിറ, ഫാ. വർഗീസ് പൂതവേലിത്തറ, ഫാ. അലക്സ് മേക്കാംതുരുത്തി, ഫാ. കുരിയൻ കുരിശുങ്കൽ, ഫാ. തോമസ് നങ്ങേലിമാലിൽ, ഫാ. അഖിൽ മേനാച്ചേരി, ഫാ. അഖിൽ അപ്പാടാൻ, ഫാ. സ്റ്റെനി കുന്നേക്കാടൻ എന്നിവരെയാണ് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ പറഞ്ഞു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഏർപ്പെട്ട സോളമൻ, ജോമോൻ, ബുജു എന്നീ വിശ്വാസികളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.