പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് ക്ലർക്ക് തട്ടിയെടുത്തത് 8.13 കോടി രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. സിൻഡിക്കേറ്റ് ബാങ്കും ലയിച്ച കനറാ ബാങ്കിെൻറ പത്തനംതിട്ട അബാൻ ജങ്ഷനിലെ ശാഖയിലെ വിമുക്തഭടൻ കൂടിയായ ക്ലർക്ക് കം കാഷ്യർ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് (36) വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്തത്.
14 മാസത്തിനിടെ 191 ഇടപാടുകളിലൂടെയായിരുന്നു 8,13,64,539 രൂപയുടെ തട്ടിപ്പ്. തട്ടിയ പണവുമായി മുങ്ങിയ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾ കുടുംബസമേതം കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് ഏപ്രിൽ ആദ്യം അവിടെ ചെന്നപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കലൂർ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജരും അസിസ്റ്റൻറ് മാനേജരും ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ പണം പിൻവലിച്ചു. ബാങ്കിെൻറ തുമ്പമണ്ണിലെ ശാഖയിലെ ജീവനക്കാരെൻറ ഭാര്യയുടെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജരെ അറിയിച്ചു.
വിശദീകരണം ചോദിച്ചപ്പോൾ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. ബാങ്കിെൻറ കരുതൽ അക്കൗണ്ടിലെ പണം തിരികെ അടച്ച് പരാതി പരിഹരിച്ചു. ഇതിന് പിന്നാലെ ബാങ്ക് നടത്തിയ ഒരുമാസം നീണ്ട വിശദമായ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ മറ്റ് തട്ടിപ്പുകളും കണ്ടെത്തിയത്. ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്ന് കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയത്. പണം പിൻവലിക്കാനും അക്കൗണ്ട് പിൻവലിക്കാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ പാസ്വേഡ് ഉപയോഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ഇടപാടുകൾക്ക് അംഗീകാരം നൽകുകയും ചെയ്തത്.
തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിെൻറ പേരിലാണ് ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തത്. ആദ്യ സംഭവത്തിന് പിന്നാലെ തന്നെ വിജീഷ് ഭാര്യക്കും കുട്ടികൾക്കും ഒപ്പമാണ് മുങ്ങിയത്. വിജീഷിെൻറയും ഭാര്യയുടെയും മൊബൈൽ ഫോണുകളും അന്നുമുതൽ സ്വിച്ഡ് ഓഫാണ്. നേരത്തേ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. ഉത്തരേന്ത്യയിലും ജോലി ചെയ്തിട്ടുണ്ട്. 2019 ജനുവരിയിലാണ് കനറാ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. കോവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഓൺലൈൻ ചൂതാട്ടമാണ് ഇയാളെ വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.