മുഖ്യമന്ത്രിക്ക്​ സത്യം കാണാനാകുന്നില്ല, ധാര്‍ഷ്ട്യവും ധിക്കാരവും കാരണം അന്ധത ബാധിച്ചു -വി.ഡി. സതീശൻ

തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടത്തിയ നരനായാട്ടിലൂടെ സില്‍വര്‍ ലൈനിന് എതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ തച്ചുതകര്‍ക്കാന്‍ സര്‍ക്കാറിന്റെ ഒത്താശയോടെ പൊലീസ് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതെന്ന്​ വി.ഡി. സതീശൻ പറഞ്ഞു. കേരളം ഇതുവരെ കാണാത്ത ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. ആ പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പൊലീസനെ ആയുധമാക്കുകയാണ്. സില്‍വര്‍ ലൈന്‍ വന്നുകഴിഞ്ഞാല്‍ ഇരകളാകാന്‍ പോകുന്ന ജനങ്ങളുടെ പ്രക്ഷോഭമാണിത്. ഇതിന് ആര്‍ക്കും തടത്തുനിര്‍ത്താനാകില്ല. സില്‍വര്‍ ലൈനിന് എതിരായി നടക്കുന്ന സമരം യു.ഡി.എഫ് ഏറ്റെടുത്തു.

ഈ സര്‍ക്കാറിന്റേത് സ്ത്രീ വിരുദ്ധ സമീപനമാണ്. തിരുവനന്തപുരം ലോ കോളജില്‍ ക്രൂരമായി മർദിക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഗുണ്ടകളായ പ്രതികള്‍ സുഖവാസ കേന്ദ്രത്തിലാണ്. അവര്‍ക്ക് സുഖവാസ കേന്ദ്രത്തില്‍ പോകാനുള്ള അനുമതിയാണ് പൊലീസ് നല്‍കിയിരിക്കുന്നത്. കെ.എസ്.യു നേതാക്കളെ കോളജ് കാമ്പസില്‍ വെച്ചും മെഡിക്കല്‍ കോളജില്‍ വെച്ചും പ്രതികള്‍ മർദിച്ചു. രാത്രി 12ന്​ ശേഷം കുട്ടികള്‍ താമസിക്കുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചും മർദിച്ചു. എന്നിട്ടും പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മർദനമേറ്റ കുട്ടികള്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് പിണറായിയുടെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നിലപാടെടുത്ത സ്ത്രീ വിരുദ്ധ സര്‍ക്കാറാണിത്.

പ്രതിപക്ഷം എന്ത് അസത്യമാണ് പറഞ്ഞത്. ലോ കോളജിലെ വിദ്യാര്‍ഥിനിയും മാടപ്പള്ളിയില്‍ അമ്മയും കുഞ്ഞും ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലില്ലേ? ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് ജനക്കൂട്ടത്തെ ആക്രമിച്ചത് മാധ്യമങ്ങളല്ലേ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. അതെങ്ങനെ അസത്യമാകും? സത്യം കാണാനുള്ള കണ്ണ് മുഖ്യമന്ത്രിക്ക് ഇല്ലാതായിരിക്കുകയാണ്. ധാര്‍ഷ്ട്യവും ധിക്കാരവും കൊണ്ട് അന്ധത ബാധിച്ചു. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഇതൊന്നും കാണാനും കേള്‍ക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി.

പ്രതിപക്ഷം സത്യത്തിന് നിരക്കാത്ത എന്ത് കാര്യമാണ് പറഞ്ഞത്? പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ജനങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗവും കേട്ട് പ്രതിപക്ഷം നിയമസഭയില്‍ ഇരിക്കണോ? പ്രതിപക്ഷം ശക്തിയായി പ്രതികരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ ശക്തമായി ചെറുക്കും.

ചങ്ങനാശേരിയിലെ മാടപ്പള്ളിയിൽ മര്‍ദ്ദനമേറ്റ സ്ത്രീകളുമായും കുട്ടികളുമായും നാട്ടുകാരുമായും സംസാരിച്ച് സമരം ശക്തിപ്പെടുത്തും. സില്‍വര്‍ ലൈനിന് എതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. സില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - CM can't see the truth, blinded by arrogance -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.