തിരുവനന്തപുരം: മൂന്നാഴ്ചത്തെ വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിഷയവും ഇരുവരും ചർച്ച ചെയ്തു. ഓർഡിനൻസ് കൊണ്ടുവരാൻ ഇടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. ഓർഡിനൻസ് നിയമപരവും ഭരണഘടനാനുസൃതവുമാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം അടക്കം വിവരങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷം നൽകിയ നിവേദനത്തിന് സർക്കാർ നൽകിയ മറുപടിയും ഗവർണർക്ക് മുന്നിലുണ്ട്. ഓർഡിനൻസ് വിഷയത്തിൽ ഗവർണറുടെ നിലപാടാണ് ഇനി നിർണായകം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. രണ്ടാഴ്ച മുമ്പ് മന്ത്രിസഭ ശിപാർശ ചെയ്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പുെവച്ചിരുന്നില്ല. ലോകായുക്ത നിയമഭേദഗതി നിർദേശങ്ങളിൽ ഗവർണർ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തിയത്. സാധാരണ മുഖ്യമന്ത്രിമാർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്ന പതിവുമുണ്ട്.
വൈകീട്ട് 6.15 ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. മുഖ്യമന്ത്രിയുടെ ചികിത്സാവിവരങ്ങളും ആരോഗ്യസ്ഥിതിയും ഗവർണർ ചോദിച്ചറിഞ്ഞു. ഓർഡിനൻസിൽ ഗവർണറുടെ തീരുമാനത്തിനനുസരിച്ചാകും നിയമസഭ വിളിക്കാനുള്ള സർക്കാറിന്റെ ശിപാർശ. അതേസമയം പ്രതിപക്ഷത്തിന് പുറമെ ഇടതുമുന്നണിയിൽ സി.പി.ഐയും നിയമഭേദഗതിയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ചർച്ച നടത്തും. ഓർഡിനൻസായി ഇറക്കേണ്ട അടിയന്തര സാഹചര്യെത്തയും സി.പി.ഐ ചോദ്യം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.