എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചത് ഉത്തമബോധ്യത്തോടെ എന്ന് ട്വന്റി-20 പാർട്ടി പ്രസിഡൻറും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. കേരളം വ്യവസായ സൗഹൃദമെന്ന് പ്രഖ്യാപിച്ചിട്ട് അദ്ദേഹത്തിന്റെ മകൾ കർണാടകയിൽ പോയി ബിസിനസ് നടത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശത്ത് പോയവർ തിരിച്ചു വരണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മകൻ വിദേശത്ത് ബിസിനസ് ചെയ്യുന്നു. വിരോധാഭാസമാണിത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഒരു തെളിവുമില്ലാതെ ഞാൻ ആരോപണം ഉന്നയിക്കില്ല.
എന്നാൽ, മുമ്പ് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തെളിവിനായി ഒരു ഏജൻസിയും സമീപിച്ചിട്ടില്ല. ഏത് ഏജൻസി വന്നാലും അന്വേഷണം പ്രഹസനമായിരിക്കുമെന്നതാണ് മുൻകാല അനുഭവം. ഇവിടെ ഇത്തരം കാര്യങ്ങൾ ഒതുക്കാൻ രാഷ്ട്രീയത്തിനതീതമായ അന്തർധാരയുണ്ട്. അതാണ് കേന്ദ്രം കാര്യക്ഷമമായി ഇടപെടാത്തതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം ബ്ലാക്മെയിലിങ്ങാണെന്ന ആക്ഷേപം സാബു എം. ജേക്കബ് തള്ളി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും കാര്യം അതുവഴി ഞങ്ങൾ നേടിയിട്ടില്ലെന്നും ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നും സാബു എം. ജേക്കബ് വെല്ലുവിളിച്ചു.
കുന്നത്തുനാട്ടിൽ നിന്ന് ഇനിയൊരിക്കലും എം.എൽ.എയാകാൻ കഴിയില്ല എന്ന ഭീതിയിൽ നിന്നാണ് പി.വി. ശ്രീനിജിൻ തങ്ങളെ ഉപദ്രവിക്കുന്നത്. ഉപദ്രവം അസഹ്യമായപ്പോൾ പ്രതിരോധിക്കുക മാത്രമാണുണ്ടായത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാത്ത എം.എൽ.എ ഞങ്ങളുമായി നടത്തുന്ന പോരിലൂടെ ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയാണെന്നും സാബു എം. ജേക്കബ് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.