ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം -ചെന്നിത്തല

ആലപ്പുഴ: ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ലോകായുക്ത വിധിയുടെ വെളിച്ചത്തില്‍ മന്ത്രി കെ.ടി. ജലീലിന്‍റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങുകയോ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയോ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്. യുക്തമായ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ് -ചെന്നിത്തല പറഞ്ഞു. പക്ഷേ ഈ മുഖ്യമന്ത്രിയാണ് നിരന്തരം ഭരണഘടന ലംഘിക്കുകയും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയും ചെയ്ത മന്ത്രി കെ.ടി. ജലീലിനെ നിര്‍ലജ്ജം സംരക്ഷിച്ചിരുന്നത്. അതിനാൽ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരവും കൂടിയാണ് ഈ വിധി.


അടുത്ത കാലത്തൊന്നും ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നിട്ടില്ല. അത് നടപ്പാക്കേണ്ട ധാര്‍മ്മികവും നിയമപരവുമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് നിറവേറ്റുന്നതാണ് സാമാന്യ മര്യാദ. അതിനാല്‍ അല്പമെങ്കിലും ധാര്‍മ്മികത മുഖ്യമന്ത്രിയില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം കെ.ടി. ജലീലിനെ ഉടനടി പുറത്താക്കണം.


വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയര്‍ടേക്കര്‍ മന്ത്രിസഭയുടെ പദവിയേ പിണറായി സര്‍ക്കാരിനുള്ളൂ. ഈ മന്ത്രിസഭയെ തന്നെ പുറത്താക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ട് എന്നതും ഉറപ്പാണെന്ന് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - CM should expel Jalil: Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.