കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്ലിനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടപെടാതെ ഹൈകോടതി. ഇ.ഡി അന്വേഷണത്തിൽ ഇടപെടില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും കോടതി പറഞ്ഞു.
ഇത്തരമൊരു കേസ് ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്ന വാദം ഉന്നയിച്ച് സി.എം.ആർ.എൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയടക്കമുള്ളവർ ഫയൽ ചെയ്ത ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവി ഉത്തരവിട്ടത്. ചോദ്യം ചെയ്യാനായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയ സാഹചര്യത്തിലായിരുന്നു അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്. ഷെഡ്യൂൾഡ് ഒഫൻസില്ലാത്തതിനാൽ ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്ന് ഹരജിക്കാർ വാദിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം നടക്കുന്നതും ഹരജിക്കാർക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. ഇതിനാൽ ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്നായിരുന്നു വാദങ്ങളിലൊന്ന്.
എന്നാൽ, ഇക്കാര്യത്തിൽ വിശദമായ വാദം വേണമെന്നും മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്നും ഇ.ഡിക്കായി ഹാജരായ അഡ്വ. ജയശങ്കർ വി. നായർ വാദിച്ചു. ഹരജിക്കാർ ചോദ്യം ചെയ്യാനായി ഹാജരായാൽ അറസ്റ്റ് ചെയ്യില്ലെന്നും ഇ.ഡി വിശദീകരിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അന്വേഷണത്തിന് വെള്ളിയാഴ്ച ഹാജരാകാൻ നിർദേശിച്ചവർക്ക് തിങ്കളാഴ്ച ഹാജരാകാമെന്നും മറ്റുള്ളവർ നോട്ടീസിൽ പറയുന്ന തീയതികളിൽ ഹാജരാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹരജി മേയ് 22ന് വീണ്ടും പരിഗണിക്കും. ശശിധരൻ കർത്തക്ക് പുറമെ സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ് കുമാർ എന്നിവരാണ് ഇ.ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.