രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വി.സിയുടെ കത്ത് ലഭിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും എന്നാൽ തനിക്ക് മറുപടി ലഭിച്ചില്ലെന്നുമുള്ള ഗവർണറുടെ ആരോപണം ഗൗരവതരമാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ ഡി-ലിറ്റ് ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് വിളിക്കണ്ടായെന്ന് കേരള വി.സിയോട് പറഞ്ഞത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സർക്കാരുമായുള്ള കൂട്ടുകച്ചവടത്തെ കുറിച്ച് ഇനി കോൺഗ്രസുകാർക്ക് പോലും സംശയമുണ്ടാവില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചൂട്ടുപിടിക്കുകയാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥത ഗവർണർ തുറന്ന് കാണിച്ചു. കേരളത്തിന്റെ ഭാവി തലമുറയെ ഇരുട്ടിലാക്കുന്നതാണ് സർക്കാരിന്റെ നടപടി. ഉന്നത വിദ്യാഭ്യാസ മേഖല നിശ്ചലമായിരിക്കുന്നു. ഗവർണറെ പുകച്ച് പുറത്ത് ചാടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നിട്ട് സർവ്വകലാശാലകളെ പൂർണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ് ലക്ഷ്യം.
വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞത് ഈ സർക്കാരിന് അർഹിച്ച സർട്ടിഫിക്കറ്റാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു. ഇങ്ങനെയൊരു വൈസ് ചാൻസലർ കേരളത്തിൽ മാത്രമേ ഉണ്ടാവൂ. രണ്ട് വരി എഴുതാനറിയാത്ത, സി.പി.എമ്മിന് കുഴലൂത്ത് നടത്തുന്ന വി.സിമാരാണ് നമ്മുടെ കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.