കൊച്ചി: സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിശേഷിപ്പിക്കുന്നതിനെതിരായ റിസർവ് ബാങ്ക് നിർദേശം പാലിക്കാത്ത വിഷയത്തിൽ മറുപടി നൽകുന്നതിന് പരിമിതിയുണ്ടെന്ന് സഹകരണ വകുപ്പ്. കോടതിയിലുള്ള വിഷയമായതിനാൽ ആർ.ടി.ഐ ആക്ട് സെക്ഷൻ 8(1)(ബി) പ്രകാരം ഇപ്പോൾ മറുപടി നൽകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടനാ പ്രസിഡൻറ് എം.കെ. ഹരിദാസിന് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2021 നവംബർ 22നാണ് റിസർവ് ബാങ്ക് ഇത് സംബന്ധിച്ച് പരാമർശം നടത്തിയത്. 1949ലെ നിയമപ്രകാരം കോ ഓപറ്റേറിവ് സൊസൈറ്റികൾ ബാങ്ക് എന്ന് പേരിന്‍റെ കൂടെ ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം.
അങ്ങനെ ചേർത്താൽ ബാങ്കിങ് നിയമത്തിന്‍റെ ലംഘനത്തിന് നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കേരളത്തിലെ സഹകരണ സംഘങ്ങൾ ഇപ്പോഴും ബാങ്ക് എന്ന് ഉപയോഗിക്കുന്നുണ്ടെന്ന് എം.കെ. ഹരിദാസ് വിവരാവകാശ ചോദ്യത്തിൽ ഉന്നയിച്ചു. റിസർവ് ബാങ്ക് നിർദേശവുമായി ബന്ധപ്പെട്ട്, തങ്ങൾ ഉത്തരവ് ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്നായിരുന്നു സഹകരണ സംഘം രജിസ്ട്രാറുടെ മറുപടി. റിസർവ് ബാങ്ക് ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.