തിരുവനന്തപുരം: ഏത് അർഥത്തിൽ ശ്രമിച്ചാലും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാൻ റിസർവ് ബാങ്കിനോ മറ്റാർക്കെങ്കിലുമോ കഴിയില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. പ്രാഥമിക സഹകരണ സംഘങ്ങൾക്കെതിരെ റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സഹകരണ സംരക്ഷണ സമിതി തിരുവനന്തപുരം ആർ.ബി.ഐക്കു മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.ബി.ഐ പരസ്യത്തിനു പിന്നിൽ മറ്റ് വല്ല ഉദ്ദേശ്യമുണ്ടെങ്കിൽ അത് തുറന്നുപറയണം. സഹകരണ മേഖലയെ തകർക്കാൻ ആഗോള ഭീമന്മാർ വട്ടമിട്ടുപറക്കുകയാണ്. സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി ഭരരണഘടന ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിക്ക് അപ്പുറത്താണോ ആർ.ബി.ഐ?. റിസർവ് ബാങ്ക് ക്ഷണിച്ചുവരുത്തിയ സമരമാണിത്. പരസ്യത്തിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണ്. നോട്ടീസിൽ പറയുന്ന മൂന്ന് കാര്യങ്ങളും കേരളത്തിന് ബാധകമല്ലാത്തവയാണ്.
സഹകരണ മേഖലക്ക് നിക്ഷേപകരെ സംരക്ഷിക്കാനുള്ള എല്ലാ ശക്തിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. സമിതി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എം. വിൻസെൻറ് എം.എൽ,എ, വി. ജോയ് എം.എൽ.എ, ഗോപി കോട്ടമുറിക്കൽ, കോലിയക്കോട് എം. കൃഷ്ണൻ നായർ, ആനാവൂർ നാഗപ്പൻ, പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.