പാലക്കാട്: സംസ്ഥാനത്തിന്റെ ഊർജാവശ്യത്തിന് കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ കൈത്താങ്ങ്. മന്ത്രാലയം നടപ്പാക്കുന്ന ‘ശക്തി ബി 4’ പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ടിന്റെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതിയാണ് സംസ്ഥാനത്തിന് ലഭിച്ചത്. നാല് ദീർഘകാല കരാറുകൾ വഴി 465 മെഗാവാട്ട് വൈദ്യുതി നഷ്ടമായതിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന ബോർഡിനുള്ള ആശ്വാസം കൂടിയാണിത്.
താപവൈദ്യുതി പ്രോത്സാഹനഭാഗമായാണ് കോൾ ഇന്ത്യയുടെ ഒഡിഷയിലെ താൽച്ചർ ഖനിയിൽ നിന്ന് കൽക്കരി ലിങ്കേജ് ലഭ്യമാക്കുന്നത്. ഇതിനായി നിലവിലുള്ളതോ നിർമാണത്തിലിരിക്കുന്നതോ ആയ കൽക്കരി നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിൽ സംസ്ഥാനം ഏർപ്പെടണം.
സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും കൽക്കരി കമ്പനിയും വൈദ്യുതി നിലയവും തമ്മിലുള്ള കരാറിലൂടെയാണ് വൈദ്യുതി ലഭ്യമാകുക. 2025 ജനുവരിക്ക് മുമ്പ് ഇതിനുള്ള താരിഫ് അധിഷ്ഠിത ടെൻഡർ നടപടികൾ ആരംഭിക്കണം. 2025 ആഗസ്റ്റോടെ വൈദ്യുതി ലഭ്യമാകും. ഇതിലൂടെ കുറഞ്ഞ വിലക്ക് 500 മെഗാവാട്ട് വൈദ്യുതി ഭാവിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയാറാക്കിയ റിസോഴ്സ് അഡെക്വസി പ്ലാൻ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമാകുമെന്നാണ് വിലയിരുത്തൽ. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം 1073 മെഗാവാട്ട് അധിക താപവൈദ്യുത ശേഷി നേടണം. ശക്തി ബി 4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോൾ ലിങ്കേജ് അനുവദിക്കാമെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി ഏജൻസിയും നിതി ആയോഗും നേരത്തെ ശിപാർശ ചെയ്തിരുന്നു. 2019ൽ ചെയർമാനായിരുന്ന ഡോ. രാജൻ. എൻ. ഖോബ്രഗഡെ നടത്തിയ ഊർജിത ശ്രമങ്ങളാണ് ഫലം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.