കൊല്ലം: കടൽ മണൽ ഖനന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകവെ, പ്രതിരോധം തീർക്കുന്ന തിരക്കിലാണ് തീരജനത. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ഈ മാസം ആദ്യം കൊല്ലം തുറമുഖത്തിന് സമീപം വള്ളങ്ങൾ നിരത്തിയിട്ട് തുടങ്ങിയ പ്രതിഷേധം സി.ഐ.ടി.യുവും കോൺഗ്രസും ഏറ്റെടുത്തതോടെ കൂടുതൽ സജീവമായി.
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(സി.ഐ.ടി.യു) നേതൃത്വത്തിൽ കഴിഞ്ഞ എട്ടിനാണ് കടലിൽ സംരക്ഷണശൃംഖല തീർത്തത്. ഈ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ കൊല്ലം ഡി.സി.സിയുടെയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെയും സമുദ്ര രാപ്പകല്‍ സമരവും തീരജനതയുടെ കടുത്ത പ്രതിഷേധം ഉയർത്തിക്കാട്ടി.
സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കടല്‍ക്കൊള്ള നടത്തുമ്പോള്‍ പിണറായി സര്‍ക്കാർ കാവല്‍ നില്‍ക്കുകയാണെന്ന രൂക്ഷവിമർശനവും രാപ്പകൽ സമര സമാപനവേദിയിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉന്നയിച്ചു. കേരള സര്‍ക്കാറിന്റെ മൗനം ഭയപ്പെടുത്തുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മൗനം നടിച്ചു.
നിയമസഭ ചേര്‍ന്നിട്ട് പോലും പ്രമേയം പാസാക്കാന്‍ തയാറായില്ല. കേരളത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ട വിഷയമായിട്ടും എന്തുകൊണ്ട് അതിന് തയാറായില്ല. കടലിനെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തിന് വലിയ പ്രാധാന്യം എൽ.ഡി.എഫ് സര്‍ക്കാര്‍ കാണുന്നില്ലെന്നാണെങ്കില് അത് തുറന്ന് പറയാന്‍ തയാറാകണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സി.ഐ.ടി.യുവിന്റെ കടൽ സമരത്തിന് മുമ്പ് തന്നെ ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
നിയമസഭയിൽ പ്രമേയം ഉൾപ്പെടെ പാസാക്കുമെന്നാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉൾപ്പെടെ അന്ന് വിമർശനത്തിന് മറുപടി പറഞ്ഞത്. എന്നാൽ, അത്തരം നടപടിയൊന്നും ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കടുത്ത വിമർശനം തുടരുന്നത്.
25ന് രാവിലെ ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) നേതൃത്വത്തിലും ധർണ നടക്കും. സമരം കൊല്ലത്ത് മാത്രം ഒതുക്കാതെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് മത്സ്യത്തൊഴിലാളി സമൂഹം. 27ന് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താൽ നടത്തുമെന്ന് ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരത്തിന് കോൺഗ്രസ്, സി.ഐ.ടി.യു പിന്തുണയുമുണ്ട്. 28ന് രാജ്ഭവനു മുന്നിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ രാപകൽ സത്യഗ്രഹവും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.