കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ പന്ത്രണ്ട് നമസ്കാരം, കാൽകഴുകിച്ചൂട്ട് വഴിപാടുകളുടെ പേര് 'സമാരാധന' എന്നാക്കാൻ തീരുമാനിച്ചതായി കൊച്ചി ദേവസ്വം ബോർഡ് ഹൈകോടതിയിൽ. പന്ത്രണ്ട് നമസ്കാരത്തിന്റെ ഭാഗമായി ഭക്തരെക്കൊണ്ട് ബ്രാഹ്മണരുടെ കാൽ കഴുകിക്കുന്നില്ലെന്നും തന്ത്രിയാണ് കാൽ കഴുകുന്നതെന്നുമുള്ള മുൻ വിശദീകരണവും ആവർത്തിച്ചു. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വിശദീകരണം.
ക്ഷേത്ര പൂജക്ക് അർഹരായ എല്ലാ വ്യക്തികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ 'സമാരാധന' വഴിപാടുകളിൽ കാലോചിത മാറ്റംവരുത്താൻ തീരുമാനിച്ചതായി വിശദീകരണത്തിൽ പറയുന്നു. അഖില തന്ത്രി സമാജവുമായി കൊച്ചിൻ ദേവസ്വം ബോർഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ദേവസ്വം കമീഷണർ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തും ഹൈകോടതിയിൽ ഹാജരാക്കി. പാപപരിഹാരത്തിനായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട് നടത്തുന്നുണ്ടെന്ന വാർത്തകളെത്തുടർന്നാണ് ഹൈകോടതി സ്വമേധയാ ഹരജിയായി വിഷയം പരിഗണിച്ചത്.
ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം എന്നിവരെ കക്ഷിചേർത്ത ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റി. കക്ഷിചേർത്തവർക്ക് ഇതിനകം സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.