തിരുവനന്തപുരം : നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർണമാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി.
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്. ഇതിൽ രണ്ട് മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക.
അതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ൽ ഉൽപാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്ടോപ്പുകൾ വിൽപന നടത്തിയായി മന്ത്രി പി.രാജീവ് പറഞ്ഞു. ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്ക് 51ശതമാനം ഓഹരിയും യു.എസ്.ടി.ഗ്ലോബലിന് 47 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. രണ്ട് ശതമാനം ഓഹരികൾ ഐ.ടി. വകുപ്പ് ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്കാണ്. പ്രവർത്തന സ്വയം ഭരണാവകാശമുള്ള സ്ഥാപനമായിരിക്കും കോക്കോണിക്സ് എന്നും മന്ത്രി പി.രാജീവ് അറിയിച്ചു.
ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാനാകും. 2018 ൽ രൂപീകരിച്ച കോക്കോണിക്സ് നിലവിൽ ലാപ്‌ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്‌ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ പ്ളാന്റിനുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. മൺവിളയിലെ കോക്കോണിക്സ് പ്ളാന്റ് മന്ത്രി പി.രാജീവ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.