തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നിയമപ്രകാരം കുറ്റം ചുമത്താനുള്ള നടപടികൾ അന്വേഷണ ഏജൻസികൾ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവൻറീവ് വിഭാഗമാണ് ഇതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയത്.
മറ്റ് ഏജൻസികളും സമാന നീക്കത്തിലാണെന്നാണ് വിവരം. പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.ആർ. സരിത്ത്, കെ.ടി. റമീസ്, ഫൈസൽ ഫരീദ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കോഫെപോസ നിയമപ്രകാരം കുറ്റം ചുമത്തും. ഇതിലൂടെ സ്വപ്ന സുരേഷ് ഉൾപ്പെടെ പ്രതികളെ ഒരുവർഷം കരുതൽ തടങ്കലിൽ സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
സർക്കാർ ഖജനാവിേലക്ക് ലഭിക്കേണ്ട നികുതി ഉൾപ്പെടെ അടയ്ക്കാതെയുള്ള സാമ്പത്തിക തട്ടിപ്പിന് പുറമെ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയെതന്നെ തകർക്കുന്നതാണ് ഇവരുടെ പ്രവർത്തനങ്ങളെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. കസ്റ്റംസിന് പുറമെ എൻഫോഴ്സ്മെൻറിനും റവന്യൂ ഇൻറലിജൻസിനും ഇതേ നിലപാടാണ്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില പ്രതികൾക്കെതിരെ നേരത്തേതന്നെ ഇൗ നിയമപ്രകാരം നോട്ടീസ് നൽകിയിരുന്നു. ഹൈകോടതി ജഡ്ജിമാർ ഉൾപ്പെട്ട കോഫെപോസ സമിതിയാണ് ഇതിന് അനുമതി നൽകേണ്ടത്. സ്വർണം കള്ളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെയും കുറ്റം ചുമത്താൻ അപേക്ഷ നൽകും. പ്രധാന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവരുടെയും അവരുടെ ബന്ധുക്കളുടെയും പേരുകളിലുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണ ഏജൻസികൾ കൈക്കൊണ്ടിട്ടുണ്ട്.
സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് തുടങ്ങിയ പ്രതികൾക്ക് സഹകരണസ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇൗ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നികുതി വെട്ടിപ്പ് ഉൾപ്പെടെ കാര്യങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് ഏജൻസികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.