ആലപ്പുഴ: നഗരസഭ സീവ്യൂ വാർഡിൽ കലക്ടറുടെ ഒൗദ്യോഗികവസതിക്ക് മുന്നിൽ അഞ്ചുവർഷം മുമ്പ് നടത്തിയ സൗന്ദര്യവത്കരണ പരിപാടി പ്രഹസനമായി നിലകൊള്ളുന്നു. ‘കൺമുന്നിൽ കണ്ണിടറാതെ’ ശീർഷകത്തിൽ നടത്തിയ നടപ്പാത സൗന്ദര്യവത്കരണം കലക്ടറുടെ വസതിയുടെ മുൻവശത്ത് മാത്രമായി ഒതുങ്ങിയത് ഇതുവഴി നടക്കുന്നവരെ പരിഹസിക്കുന്നതായി.
കലക്ടറുടെ വീടിന് മുന്നിലുള്ള പാതയോരം എന്ന് എഴുതിവെച്ചശേഷം വീടിന് മുന്നിൽ മാത്രം നടപ്പാത ടൈലിട്ടതിന് വിവേചനമാണെന്നും അതിനുപിന്നിലെ യുക്തിയെന്താണെന്നുമാണ് ഇതുവഴി യാത്ര ചെയ്യുന്നവർ ചോദിക്കുന്നത്. അവിടം മാത്രം നടപ്പാത മനോഹരമായി ടൈൽ ചെയ്തിരിക്കുേമ്പാൾ അപ്പുറവും ഇപ്പുറവും പൊട്ടിപ്പൊളിഞ്ഞ് കാടുപിടിച്ച നിലയിലാണ്.
ദിനേന നൂറുകണക്കിന് ആളുകളാണ് ഇതുവഴി ബീച്ചിലേക്ക് പോകുന്നത്. പദ്ധതി റോഡ് മുഴുവൻ വ്യാപിക്കാൻ കഴിയാതെപോയത് നാണക്കേടാണെന്നാണ് വഴിയാത്രക്കാരുടെ അഭിപ്രായം. ‘കൺമുന്നിൽ കണ്ണിടറാതെ’ എന്നൊക്കെ വലിയ അക്ഷരത്തിലെഴുതി തങ്ങളെ കളിയാക്കരുതെന്ന് അവർ പറയുന്നു. നിലവിലെ സ്ഥിതിയിൽ കാലിടറാനാണ് സാധ്യതയെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
എൻ. പത്മകുമാർ കലക്ടറായിരിക്കെ 2015 ഒക്ടോബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് മതിലിൽ സ്ഥാപിച്ച ഫലകം പറയുന്നു. കഴിഞ്ഞ കൗൺസിലിൽ എൽ.ഡി.എഫിനായിരുന്നു ഭരണം. കോൺഗ്രസിലെ അഡ്വ. റീഗോ രാജുവായിരുന്നു കൗൺസിലർ. പിന്നീട് യു.ഡി.എഫ് അധികാരത്തിൽ വന്ന് കോൺഗ്രസിലെതന്നെ കരോലിൻ പീറ്ററാണ് കൗൺസിലറായത്. എന്നിട്ടും പദ്ധതി മുഴുവൻ പ്രദേശത്തേക്ക് വ്യാപിപ്പിക്കാൻ ഒരുശ്രമവും നടന്നില്ല.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.