കാമ്പസുകൾക്കുളിൽ പഠനവും അടിച്ചുപൊളിയും മാത്രമല്ല ചിത്രരചനയിലൂടെ പുതിയ സംസ്കാരവും വാർത്തെടുക്കാൻ സാധിക്കുമെന്ന് ഒരു കൂട്ടം പെൺകുട്ടികൾ തെളിയിച്ചു. നാട്ടുകാർക്ക് നടക്കാൻ പേടിയായിരുന്ന മുല്ലശ്ശേരി കനാൽ റോഡിലെ മതിലിൽ മൂന്നു ദിവസം കൊണ്ട് നിറഞ്ഞത് മനോഹരമായ കാഴ്ചകൾ. ഗ്രാഫിറ്റി പെയിൻറിങ്ങുകളുമായി മതിൽ മനോഹരമാക്കിയിരിക്കുകയാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന എറണാകുളം സെൻറ് തെരേസാസ് കോളജിലെ വിദ്യാർഥിനികൾ.
പതിവ് ആഘോഷങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തെരേസിയൻ വീക്കിന്റെ ഭാഗമായി ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കാരണമായി വിദ്യാർഥികൾ പറയുന്നു.
കോളജിന് സമീപത്തെ മുല്ലശേരി കനാൽ റോഡിലെ മതിൽ കഴുകി ചിത്രങ്ങൾ വരച്ചു പുതിയ സംസ്കാരം രൂപപെടുത്തിയതോടെ കനാൽ റോഡിൽ കാണികളുടെ വൻതിരക്കാണ്. കാടും ചെടിയും നിറഞ്ഞ വഴിയോരങ്ങളും പായൽ കവർന്ന മതിലുമെല്ലാം വ്യത്തിയാക്കി മതിലുകൾ നിറയെ കാഴ്ച്ചകൾ നിറച്ചപ്പോൾ കൊച്ചിയിൽ വരുന്ന വിദേശികളും മതിലിലെ ചിത്രങ്ങൾ കാണാനായി എത്തുന്നു.
കോളജിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികളുടെ നേതൃത്വത്തിൽ റോഡിന്റെ വശങ്ങളിലെ മാലിന്യങ്ങളും നീക്കംചെയ്തശേഷം ഹെർമിസ് സ്റ്റുഡിയോസിന്റെ നേതൃത്വത്തിലായിരുന്നു ഗ്രാഫിറ്റി രചന.വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും ഒപ്പമെത്തി. 'നിറങ്ങൾ സംസാരിക്കട്ടെ' എന്ന ആശയമാണ് ഗ്രാഫിറ്റി രചനയ്ക്കുവേണ്ടി നൽകിയിരുന്നതെന്ന് കോളജ് യൂണിയൻ പ്രതിനിധികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.