തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മൂന്നംഗസമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടൻറ് ഡോ. ഐ.ജി. വിപിന്‍ എന്നിവര്‍ അംഗങ്ങളാണ്. ആരോപണവിധേയമായ ആശുപത്രികളില്‍ മുരുകനെ പരിശോധിച്ചിട്ടുണ്ടോ, ആവശ്യമായ ശുശ്രൂഷ നല്‍കിയോ, ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങളാണ് സമിതി അന്വേഷിക്കുക. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയത്. എന്നാൽ അവധിദിനങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച മുതലാകും അന്വേഷണം ആരംഭിക്കുക.
കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ല -മന്ത്രി
തിരുവനന്തപുരം: മുരുകെൻറ മരണത്തില്‍ കുറ്റക്കാരായ ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുരുകനെ കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വെൻറിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്നാണ് താൻ അേന്വഷിച്ചപ്പോൾ സൂപ്രണ്ട് പറഞ്ഞത് എന്ന് മന്ത്രി പറഞ്ഞു. ആംബുലൻസിൽ പോർട്ടബിൾ വെൻറിലേറ്റർ സഹായത്തോടെയാണ് മുരുകനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. മറ്റ് പല ആശുപത്രികളും കടന്നുവന്നതിനാൽ അതിഗുരുതരാവസ്ഥയിലായിരുന്നു രോഗിയുടെ അവസ്ഥ. അതിനാൽ കൂടുതൽ കാര്യശേഷിയുള്ള വെൻറിലേറ്ററാണ് മുരുകന് വേണ്ടിയിരുന്നത്. പക്ഷേ, ആ സമയം അത് ഒഴിവില്ലായിരുന്നു എന്നാണ് സൂപ്രണ്ട് അറിയിച്ചത്. മെഡിക്കൽ കോളജിെൻറ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
മുരുകെൻറ മരണം: ആശുപത്രികളിൽ ആരോഗ്യവകുപ്പ് പരിശോധന
കൊട്ടിയം: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിതയുടെ നേതൃത്വത്തിെല സംഘം ആശുപത്രികളിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുന്നതിെൻറ ഭാഗമായായിരുന്നു പരിശോധന. മരണത്തെതുടർന്ന് പൊലീസ് കേസെടുത്ത കൊട്ടിയം കിംസ്, അസീസിയ, മെഡിസിറ്റി, മെഡിട്രിന എന്നീ ആശുപത്രികളിലായിരുന്നു പരിശോധന.
ആശുപത്രി രേഖകൾ പരിശോധിച്ചതോടൊപ്പം ഡോക്ടർമാർ, ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവം നടന്ന ആറിന് രാത്രിയിലും ഏഴിന് പുലർച്ചയും ആശുപത്രികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പുറമേ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ജോയൻറ് ഡയറക്ടർ, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സീനിയർ അനസ്തേഷ്യ ഡോക്ടർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എത്രയും വേഗം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നറിയാൻ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് അധ്യക്ഷനായ മറ്റൊരു സംഘവും അന്വേഷണം തുടങ്ങി.
മുരുകനെ എത്തിച്ചപ്പോൾ മെഡിക്കൽ കോളജിൽ ട്രാൻസ്പ്ലാൻറ് ഐ.സി.യുവിലും പൊള്ളൽ ചികിത്സ വിഭാഗത്തിലും പോർട്ടബിൾ വെൻറിലേറ്റർ ഒഴിവുണ്ടായിരുന്നോയെന്നും ഡ്യൂട്ടി ഡോക്ടർക്കും നഴ്സിങ്സൂപ്രണ്ടിനും വീഴ്ച പറ്റിയിട്ടുണ്ടോ എന്നുമാണ് സംഘം അന്വേഷിക്കുക. സംഭവത്തിൽ പൊലീസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തുകയും അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പാവുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും അന്വേഷണവുമായി ഇറങ്ങിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ആരോഗ്യ വകുപ്പിെൻറ അേന്വഷണ റിപ്പോർട്ടും പൊലീസിെൻറ കണ്ടെത്തലുകളും ഒന്നായില്ലെങ്കിൽ അത് കേസിനെ ബാധിക്കാൻ ഇടയാകുമെന്നാണ് പൊലീസ് കരുതുന്നത്. കൊട്ടിയം സി.ഐയുടെ നേതൃത്യത്തിൽ നിരവധി പേരിൽനിന്ന് മൊഴിയെടുക്കൽ നടന്നുവരുകയാണ്. മൊഴികളും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഡോക്ടർമാരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിൽതന്നെ ഉണ്ടാവുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.