ആശ്രിത നിയമനം: വ്യവസ്ഥ ലംഘിച്ചാൽ ശമ്പളത്തിന്റെ 25 ശതമാനം പിടിച്ചെടുക്കും

തിരുവനന്തപുരം: മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവിസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിച്ചെടുക്കും. ഈ തുക അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്.

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിൻറെ 25 ശതമാനം പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തിനകം ജില്ലാ കലക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കലക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ മേൽ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണ്.

Tags:    
News Summary - Compassionate appointment: 25 percent of salary will be withheld if condition violated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.