രേണു രാജ് ഐ.എ.എസ്

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

കൽപറ്റ: വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ‘ആനക്കൊമ്പ്’ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. വിഷയം പരിശോധിച്ച് വേണ്ട നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അബ്ദു​റഹ്മാൻ പറഞ്ഞു. 

നിലവിലെ നിയമങ്ങൾ പ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. യഥാർഥ ആനക്കൊമ്പുകളാണെങ്കിൽ അവിടേക്കു മാറ്റാതെ ജില്ല കലക്ടറുടെ ഓഫിസിൽ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നാണ് പരാതിക്കാരന്റെ ചോദ്യം. എന്ത് സന്ദേശമാണ് കലക്ടർ ജനങ്ങൾക്ക്‌ ഇക്കാര്യത്തിൽ നൽകുന്നത്? മുമ്പ് കടന്നു പോയവർ ആനകളോട് ചെയ്ത ക്രൂരത ഓർത്ത് പുതുതലമുറ പുളകിതരാകാനാണോ ഇതെന്നും ഇദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നൽകിയതെന്നാണ് അബ്ദുറഹ്മാന്റെ വാദം. അതേസമയം, ആനക്കൊമ്പ് ഒറിജിനലാണോ അ​ല്ലയോ എന്ന് ജില്ല ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.

Full View

വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ചേംബറിൽ ഒരുപാടുകാലമായി ഈ ‘ആനക്കൊമ്പുകൾ’ ഉണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഇത് ഒറിജിനൽ ആനക്കൊമ്പാണോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത് പതിവാണ്. ഈ കൊമ്പുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണു രാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ ​പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നൽകിയത്.

‘കണ്ണിൽ ചോരയില്ലാത്ത കുറെ മനുഷ്യർ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേർന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്പുകൾ ഉന്നത പദവിയിൽ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകിൽ ബാക്ക് ഗ്രൗണ്ട് ആയി വെച്ച് അതിന് മുന്നിലിരുന്ന് നിഷ്കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!’ എന്ന് പരാതിക്കാരൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഈ വിഷയത്തിൽ വേണ്ടിവന്നാൽ കോടതി കയറുമെന്നാണ് അബ്ദുറഹ്മാന്റെ നിലപാട്. 

Tags:    
News Summary - Complaint Against District Collector Wayanad for using an Ivory behind her chair in Collectorate office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.