കൊച്ചി: സി.പി.ഐ എറണാകുളം ജില്ല സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഭാഗീയതക്ക് നേതൃത്വം കൊടുത്തുവെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി. ഇക്കഴിഞ്ഞ ആഗസ്ത് 25 മുതൽ 28 വരെ ഏലൂരിൽ നടന്ന എറണാകുളം ജില്ല സമ്മേളനത്തിൽ പരസ്യമായി ഗ്രൂപ്പ് യോഗം വിളിച്ചു ചേർത്തെന്നാണ് കാനത്തിനെതിരായ പരാതി.
ജില്ല കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെ ജില്ല സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പായാണ് കാനത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്‍റെ നേതൃത്വത്തിലാണ് പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്ത് ജില്ല സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും നിശ്ചയിച്ചതിന് നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും റീകൗണ്ടിങ് വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
എറണാകുളത്ത് ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആയിരുന്നു നിശ്ചയിച്ചത്. പാർട്ടി ഔദ്യോഗിക സ്ഥാനാർഥി കെ.എൻ. സുഗതനെ അഞ്ച് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ.എൻ ദിനകരൻ തോല്‍പ്പിച്ചത്. പാർട്ടി സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ കാനം രാജേന്ദ്രൻ ഗ്രൂപ്പ് യോഗം ചേർന്ന് എതിർ സ്ഥാനാർഥിയെ നിർത്തിയെന്നാണ് പരാതി. എല്ലാ ജില്ലകളിലും സംഘടനയെ കൈപ്പിടിയിലൊതുക്കുന്നതിനാണ് ഈ സമ്മേളനത്തിൽ കാനം വിഭാഗം ശ്രദ്ധവച്ചത്.
കാനത്തിന്റെ നേതൃത്വത്തിൽ പരസ്യമായ വിഭാഗീയത ജില്ലാ സമ്മേളനങ്ങളിൽ പ്രകടമായതോടെ കാനം വിരുദ്ധ ചേരിയും നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് എറണാകുളത്തുനിന്നുള്ള പരാതിയെന്നറിയുന്നു. കെ.ഇ. ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള എതിർവിഭാഗത്തെ പാടെ ദുർബലപ്പെടുത്തുന്ന കരുനീക്കങ്ങളാണ് കാനം വിഭാഗം നടത്തുന്നത്. സി.പി.ഐയുടെ നിയമസഭാ സീറ്റുകളിൽ മൂന്നുതവണ മത്സരിച്ചവരെ അടുത്തതവണ മാറ്റി നിർത്തിയാൽ പകരക്കാരാകുന്നതും തങ്ങളുടെ പക്ഷത്തുനിന്നാകുന്നതിനായി അത്തരക്കാരെ ഉന്നത പദവികളിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കവും സമ്മേളനത്തിൽ കാനം വിഭാഗം ആസൂത്രിതമായി നടത്തുന്നുണ്ട്.
മുമ്പ് സംസ്ഥാന സെക്രട്ടറിയാവാൻ കൂടെ നിർത്തിയ പലരെയും നിർണായക കൂടിയാലോചനകളിൽ നിന്നും ഒഴിവാക്കിയ കാനം എല്ലാം തന്റെ സ്വന്തം നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ കടുത്ത കാനം പക്ഷക്കാരായിരുന്ന നേതാക്കൾ ഉൾപ്പെടെ കാനം വിരുദ്ധ കൂട്ടായ്മയുടെ ഭാഗമാകുന്നുമുണ്ട്. ഇതുവരെ കഴിഞ്ഞ 12 ജില്ലാ സമ്മേളനങ്ങളിലും കാനത്തിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
സംസ്ഥാന സമ്മേളനത്തിൽ കാനത്തിനെതിരെ മത്സരം ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളാണ് മറുപക്ഷം നടത്തുന്നത്. താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും ചിലർ പരാതികൾ അയച്ചതായി പറയപ്പെടുന്നുവെന്നും പി. രാജു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.