അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വക കളിസ്ഥലവും നിക്ഷിപ്ത വനഭൂമിയും കൈയേറിയെന്ന് പരാതി

കോഴിക്കോട് : വെള്ളകുളം ആദിവാസി ഊരിന് സമീപമുള്ള അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വക കളിസ്ഥലവും നിക്ഷിപ്ത വനഭൂമിയും കൈയേറിയെന്ന് പരാതി. വെള്ളകുളം ഊരിലെ വി.ആർ മുരുകേശ്, ആറുചാമി എന്നിവരാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമീഷണർക്കും പരാതി നൽകിയത്. 2020-21 കാലത്ത് ആദിവാസികൾക്ക് കളി സ്ഥലം നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ നൽകിയതിന്റെ ശിലാഫലകം ഇപ്പോഴും അവിടെയുണ്ടെന്ന് പരാതി നൽകിയ വെള്ളകുളം ഊരിലെ ആറുചാമി മാധ്യമം ഓൺലൈനോട് പറഞ്ഞു.

ഫലകത്തിൽ കൊത്തിയിരിക്കുന്നത് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവശങ്കരനാണ് കളിസ്ഥലം ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കാളിയമ്മ മുരുകേശനും ഉദ്ഘാടനത്തിൽ പങ്കെടുത്തു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി. അനില കുമാരൻ, നിർമാണം നടത്തിയ കോൺട്രാകട്ർ എം. കനക രാജ്, അനീഷ്, സെൽവി എന്നിവരുടെ പേരും ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പരാതി പ്രകാരം ആദിവാസി വിഭാഗത്തിലെ ആളുകൾക്കായി കളിക്കുന്നതിന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 2000-21 സാമ്പത്തിക വർഷം 20 ലക്ഷം രൂപ ചിലവിൽ പണിത ഗ്രൗണ്ട് സ്ഥലവും അംബേദ്കർ സെറ്റിൽമെൻറ് ഡെവലപ്മെൻറ് സ്‌കീമനുസരിച്ച് 50 ലക്ഷം രൂപ യുടെ ഗ്രൗണ്ട് ഡെവലപ്മെൻറ് പ്രവൃത്തിയും നടത്തിയ സ്ഥലവുമാണിത്. ഇതിനോട് ചേർന്ന പുരാതന ക്ഷേത്രവും ഇപ്പോൾ കൈയേറി വേലികെട്ടിയിരിക്കുകയാണ്. കോയമ്പത്തൂർ താമസക്കാരനായ സദാനന്ദ രങ്കരാജ് എന്നയാളാണ് കൈയേറ്റം നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രദേശത്തെ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് ഗ്രൗണ്ട് കൈയേറ്റം നടത്തിയത്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ കൈയേറിയവർക്ക് കൂട്ടു നിൽക്കുകയാണ്. വേലികെട്ടാൻ ആള് എത്തിയപ്പോൾ പഞ്ചായത്ത് അംഗം ഡി. രവിയെ ഫോണിൽ വിളിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്ന് ആറുചാമി പറഞ്ഞു.

മുത്തമ്മാൾ എന്നയാളിന്റെ ഭൂമിയുടെ പവർ ഓഫ് അറ്റോർണി ഏജന്റായാണ് സദാനന്ദ രങ്കരാജ്. മൂത്തമ്മാൾ വെങ്കിടരാമകൗണ്ടർ എന്നയാളിന്റെ ഭാര്യയാണ്. വെങ്കിടരാമ കൗണ്ടർക്ക് സർവേ നമ്പർ 1800 ൽ മാത്രം അമ്പതിലധികം ഏക്കർ ഭൂമിയും മറ്റ് സർവേകളിലും ഭൂമിയുള്ളതായി പരാതിയിൽ പറയുന്നു. മുത്തമ്മാൾ എന്നയാളും അവരുടെ ബന്ധുവും 2006-ൽ രണ്ട് ആധാരങ്ങളി ലായി പതിനഞ്ചിലധികം ഏക്കർ ഭൂമി വിൽപ്പന നടത്തിയിരുന്നു. ഭൂപരിധിയിൽ കൂടുതലുള്ള ഭൂമി വെങ്കിടരാമകൗണ്ടറിൽ നിന്നും മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തിട്ടില്ല.

 


സദാനന്ദ രങ്കരാജിന് ഈ വർഷം വീണ്ടും 18 ഏക്കർ ഭൂമിക്ക് വില്ലേജിൽ നിന്ന് ഭൂനികുതി രസീത് നൽകിയെന്നും പരാതിയിൽ പറയുന്നു. ഈ നികുതി രശീത് ഉപയോഗിച്ചാണ് കോടതികളിൽ നിന്നും ഉത്തരവുകൾ വാങ്ങി ആദിവാസികളുടെ ഭൂമിയും സർക്കാർ ഭൂമിയും പുരാതന ക്ഷേത്ര ഭൂമിയും കൈയേറ്റം നടത്തിയതിയത്. അതാനൽ ആദിവാസി ഭൂമിയിലെ കൈയേറ്റം തടയാനും വ്യാജരേഖകൾ കണ്ടുകെട്ടാനും നടപടിയുണ്ടാകണമെന്നാണ് ആറുചാമിയും വി.ആർ. മുരുകേശും പരാതിയിൽ ആവശ്യപ്പെട്ടത്.

അതേസമയം, 2006ലെ വനാവകാശ നിയമം പ്രകാരം വെളളക്കുളം ഊരിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് വനഭൂമി അനുവദിച്ചതായി വനംവകുപ്പിന്റെ സർക്കുലറും ആദിവാസികൾ ഹാജരാക്കുന്നു. ഐ.ടി.ഡി.പി ഓഫീസർ, 2023 ആഗസ്റ്റ് 16 ന് നൽകിയ കത്തിൽ അഗളി റെയിഞ്ചിലെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വെളളക്കുളം ഊരുനിവാസികൾ താമസിക്കുന്ന ഊരിനോട് ചേർന്ന് അംബേദ്ക്കർ സെറ്റിൽമെന്റ് വികസനപദ്ധതിയിൽ (2020-21) ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് വനാവകാശ നിയമപ്രകാരം വനഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ അപേക്ഷയിൻമേൽ അന്വേഷണം നടത്തി അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണ റിപ്പോർട്ട് നൽകി. വെളളക്കുളം ഊരിനടുത്തുള്ള കളിസ്ഥലത്തോട് ചേർന്ന് കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിനു വേണ്ടിയുള്ള സ്ഥലം വരടിമല മലവാരത്തിലാണെന്നും, ഈ സ്ഥലത്ത് നിലവിൽ വൻ മരങ്ങളൊന്നുമില്ലായെന്നും, അടിക്കാടുകളും കുറ്റിച്ചെടികളും മാത്രമാണുള്ളരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഭൂമി വിട്ടു നൽകിയാൽ വെളളക്കുളം ഊരിൽ താമസിക്കുന്ന ഊരുനിവാസികൾക്ക് മതപരമായ ചടങ്ങുകൾക്കും മറ്റു ആവശ്യങ്ങൾക്കും ഉപയോഗപ്രദമായിരിക്കുമെന്നും, ഈ കെട്ടിടം നിർമിക്കുന്നതിന് 0.081 ഹെക്ടർ വനഭൂമി വിട്ടുനൽകാമെന്നും അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിപാർശ ചെയ്തു.

ഗ്രാമസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു ഹെക്‌ടർ വരെയുള്ള വനഭൂമി വനേതര ആവശ്യത്തിനായി വിട്ടുനൽകുവാൻ വനാവകാശ നിയമത്തിലെ വകുപ്പ് 3(2) (പ്രകാരം വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.  ഈ റിപ്പോർട്ടി ന്റെ അടിസ്ഥാനത്തിലാണ് നിക്ഷിപ്ത വനഭൂമിയായി തന്നെ നിലനിർത്തണം എന്ന വ്യവസ്ഥയോടെ വെള്ളകുളം ആദിവാസി ഊരിനോട് ചേർന്ന് കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിനു മണ്ണാർക്കാട് ഡി.എഫ്.ഒ ആഷിഖ് അലി  ഉത്തരവിട്ടത്. ഇതെല്ലാം അട്ടിമറിച്ചാണ് ഭൂമി കൈയേറ്റം നടന്നതെന്ന് പരാതിയിൽ പറയുന്നു.


ഭൂമി നൽകിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് ഭൂമി കൈയേറ്റം നടന്നതെന്ന് പരാതിയിൽ പറയുന്നു. 

Tags:    
News Summary - Complaint of encroachment of playground and reserved forest land belonging to Attappady panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.