ഇടുക്കി: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം രൂപ മുതൽ കർഷകരിൽ നിന്ന് പിരിക്കുന്നുവെന്നാണ് പരാതി.
ഉദ്യോഗസ്ഥർ പണം വാങ്ങുന്നതിെൻറ ദൃശ്യങ്ങൾ സഹിതം കർഷകർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി. കെ. കേശവൻ ഐ. എഫ്. എസി. നെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തി.
കർഷകരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായാണ് പരാതി. ഏലത്തോട്ടമുടമകളുടെ വീടുകളിൽ മഫ്തിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ മറ്റ് വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവ് നടത്താറുണ്ടെന്നും പരാതിയുണ്ട്.
അയ്യപ്പൻകോവിൽ, കുമളി, നെടുങ്കണ്ടം മേഖലകളിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് പരാതി.വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് പണപ്പിരിവെന്നും അക്ഷേപം ഉണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.