വി.ഡി. സതീശൻ

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം -വി.ഡി. സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ പി.എ. അഖില്‍ മാത്യുവിനും പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഖില്‍ സജീവിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രി ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികില്‍ വച്ച് ആരോഗ്യമന്ത്രിയുടെ പി.എക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് അവസാനവാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്. സെപ്റ്റംബര്‍ നാലിന് ഇ-മെയിലിലൂടെ മന്ത്രിയുടെ ഓഫിസിന് പരാതി അയച്ചെന്നും പരാതിക്കാരന്‍ പറയുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സെപ്റ്റംബർ 13ന് രജിസ്റ്റേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണ്.

വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫിസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പി.എ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ? ഓഫിസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേ? ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നു നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും അഴിമതി നടത്തി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറും ബന്ധപ്പെട്ടവരും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Complaint that health minister's staff member took bribe serious - V D Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.