ബി.എ പാസാകാതെ ആർഷോക്ക്​ എം.എ പ്രവേശനം നൽകിയതായി ഗവർണർക്ക്​ പരാതി

കൊച്ചി: ബിരുദത്തിന്​ തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ വിജയിക്കാത്ത എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്ക്​ എം.എ കോഴ്​സിൽ പ്രവേശനം നൽകിയതായി പരാതി. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ കോളജായ എറണാകുളം മഹാരാജാസിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്‍റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ ആർഷോക്ക്​ ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റർ പാസാകാതെ പി.ജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നൽകിയെന്ന്​ ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ്​ ഗവർണർ, എം.ജി സർവകലാശാല വി.സി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക്​ പരാതി നൽകിയത്​.

അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നിരിക്കെ 10 ശതമാനം മാത്രം ഹാജരുള്ള ആർഷോക്ക്​ ആറാം സെമസ്റ്ററിൽ പ്രവേശനം നൽകി. 120 ക്രെഡിറ്റ്‌ ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക്​ പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോക്ക്​ പ്രിൻസിപ്പലിന്‍റെ നിർദേശപ്രകാരം ഇന്‍റഗ്രേറ്റഡ് പി.ജി ക്ലാസിൽ പ്രവേശനം നൽകിയതെന്നാണ്​ ആരോപണം.

ജൂണിനുമുമ്പ്​ എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദം ഒഴികെ എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തി. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ ഫലം ഇല്ലാതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേക്ക്​ പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ്​ പരീക്ഷ എഴുതാൻ യോഗ്യതയില്ലാത്ത ആർഷോയെക്കൂടി പി.ജി ക്ലാസിൽ പ്രവേശിപ്പിച്ചത്​. ആർഷോക്ക്​ എം.എ ക്ലാസിലേക്ക്​ കയറ്റം നൽകാനാണ്​ ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്നും ആരോപണമുണ്ട്.

മഹാരാജാസ് കോളജ് സ്വയംഭരണമായതിനാൽ പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയിൽ എം.ജി സർവകലാശാലക്ക്​ നിയന്ത്രണമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കുകപോലും ചെയ്യാതെ പ്രിൻസിപ്പൽ ശിപാർശ ചെയ്യുന്ന വിദ്യാർഥികൾക്ക് മുഴുവൻ ബിരുദ സർട്ടിഫിക്കറ്റ്​ നൽകുകയാണ്​ സർവകലാശാല ചെയ്യുന്നതെന്നും നിവേദനത്തിൽ പറയുന്നു. ആർഷോക്ക്​ പി.ജിക്ക്​ പ്രവേശനം നൽകിയ കോളജ് പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ്​ നിവേദനത്തിലെ ആവശ്യം. 

Tags:    
News Summary - Complaint to Governor that PM Arsho was given MA admission without passing BA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.