തിരുവനന്തപുരം: സർക്കാർ മേഖലയിൽ കഴിയുമായിരുന്നിട്ടും കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ നിർമാണ-നടത്തിപ്പ് ചുമതല സ്വകാര്യമേഖലക്ക് നൽകാൻ ടെൻഡർ വ്യവസ്ഥകളിലടക്കം ഇളവൊരുക്കി തിരക്കിട്ട നീക്കം. 2021 ലെ കേന്ദ്ര മോട്ടോർ തൊഴിലാളി നിയമഭേദഗതി അനുസിച്ച് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങൾ കമ്പ്യൂട്ടർവത്കൃതമാകണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം കേരളത്തിൽ 86 ഹൈടെക് ടെസ്റ്റിങ് ഗ്രൗണ്ടുകളാണ് ഒരുക്കേണ്ടത്.
ഒമ്പതെണ്ണം മോട്ടോർ വാഹനവകുപ്പ് സ്വന്തം നിലയ്ക്ക് തയാറാക്കി. ശേഷിക്കുന്ന 77 സെന്ററുകൾ സ്വകാര്യകമ്പനികൾക്ക് നൽകാനാണ് നീക്കം. ഗതാഗത കമീഷണറേറ്റ് പുറപ്പെടുവിച്ച ടെൻഡർ നോട്ടീസ് പ്രകാരം ഒരു ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കാൻ അഞ്ച് കോടി രൂപ വേണം. രണ്ട് വർഷത്തെ ലൈസൻസ് അപേക്ഷ ഫീസ് കൊണ്ട് മാത്രം ഈ തുക സമാഹരിക്കാനാകുമെന്നാണ് കണക്ക്. ആകെയുള്ള 86 ആർ.ടി.ഒ, ജോയന്റ് ആർ.ടി.ഒ ഓഫിസുകളിലായി ലൈസൻസിനുള്ള ശരാശരി 100 അപേക്ഷകൾ വരെ പ്രതിദിനം എത്തുന്നുണ്ട്. 1455 രൂപയാണ് അപേക്ഷഫീസ്.
കുറഞ്ഞത് 80 അപേക്ഷകൾ എന്ന കണക്കെടുത്താൽ തന്നെ ഒരു ഓഫിസിൽ പ്രതിദിന കലക്ഷൻ 1,16,400 രൂപ വരും. മാസത്തിൽ ലേണിങ് ടെസ്റ്റ് നടക്കുന്ന 16 ദിവസത്തിൽ ഫീസിനത്തിലെ വരുമാനം 18,62,400 രൂപയും. ഈ കണക്ക് പ്രകാരം 86 ഓഫിസുകളിൽ നിന്നായി പ്രതിവർഷം കിട്ടുക 192.19 കോടി. ഇത്രയും തുക മാസം വരുമാനമുണ്ടായിട്ടും ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിന് പണമില്ലെന്നാണ് വകുപ്പിന്റെ വാദം. 2021 ജൂണിൽ കേന്ദ്ര നിർദേശം വന്നതോടെതന്നെ തങ്ങളുടെ ഉപജീവനത്തിന് വെല്ലുവിളിയാകുമെന്ന് കണ്ട് ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും സംഘടന സർക്കാറിനെ സമീപ്പിച്ചിരുന്നു. ഓരോ ആർ.ടി.ഒ പരിധിയിലെയും ഡ്രൈവിങ് സ്കൂളുകൾ ചേർന്ന് കൺസോർട്യം രൂപവത്കരിച്ച് സമീപിച്ചാൽ ടെസ്റ്റിങ് ട്രാക്കുകളുടെ നിർമാണ-പ്രവർത്തന ചുമതലയിലേക്ക് പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഇതുപ്രകാരം 2022ൽ കൺസോർട്യങ്ങൾ രൂപവത്കരിച്ച് ടെൻഡർ നടപടികൾക്കായി കാത്തിരിക്കുമ്പോഴാണ് തങ്ങളെ ഒഴിവാക്കുംവിധം വ്യവസ്ഥകൾ ഉൾപ്പെടുത്തി ടെൻഡർ പുറപ്പെടുവിച്ചതെന്ന് ഭാരവാഹികൾ പറയുന്നു. ടെൻഡറിൽ പങ്കെടുക്കണമെങ്കിൽ മൂന്ന് വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് നൽകണമെന്നാണ് വ്യവസ്ഥ. 2022ൽ രൂപവത്കരിച്ച കൺസോർട്യങ്ങൾ എങ്ങനെ മൂന്ന് വർഷത്തെ സ്റ്റേറ്റ്മെന്റ് നൽകുമെന്നും ഇത് തങ്ങളെ ഒഴിവാക്കാനുള്ള നീക്കമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ടെൻഡറിലും കാണാത്ത വിധം ഗസറ്റഡ് റാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കും ടെൻഡറിൽ പങ്കെടുക്കാമെന്ന വിചിത്ര നിബന്ധനയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.