കാസർകോട്: ജില്ലയിൽ നിയമിക്കപ്പെടുന്ന സർക്കാർ ജീവനക്കാർ നിശ്ചിതസമയം ഇവിടെ ജോലി ചെയ്തിരിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലറിൽ പൊതുവെ ആശ്വാസം.
എന്നാൽ, ഒരു സർക്കുലർ കൊണ്ട് എളുപ്പം നടപ്പാക്കാൻ കഴിയുന്നതല്ല ഇതെന്നാണ് വിലയിരുത്തൽ. സാമ്പത്തിക നഷ്ടം കൂടി സഹിച്ച് ഇവിടെ ജോലി ചെയ്യാൻ ജീവനക്കാർ സന്നദ്ധരാവില്ലെന്നതാണ് പ്രധാന കാര്യം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിതകാലയളവിൽ അതത് ഇടത്ത് തുടരണമെന്നാണ് കഴിഞ്ഞ ദിവസമിറക്കിയ സർക്കുലർ.
നിയമനം കിട്ടുന്നവരും സ്ഥലംമാറി വരുന്നവരും എത്രയും പെട്ടെന്ന് ഈ ജില്ലകൾ വിടുകയാണ് നിലവിലെ സ്ഥിതി. ഇക്കാരണത്താൽ ജില്ലയുടെ പദ്ധതിനിർവഹണത്തെ തന്നെ ബാധിക്കുന്നു.
സംസ്ഥാനത്തിന്റെ ഒരറ്റത്ത് എന്നനിലക്ക് കാസർകോട് എത്തുന്നവർ അതിവേഗം തിരിച്ചുപോകുന്നത് പദ്ധതി നിർവഹണത്തെ ബാധിക്കുന്നുവെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് സർക്കാറിനെ സമീപിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഇത്തരമൊരു സർക്കുലർ വന്നത്.
ജില്ലയിൽ മിക്ക വകുപ്പുകളിലും ഇതര ജില്ലക്കാരാണ് കൂടുതലും. 35ഒാളം ജില്ലതല ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷം പേരും ഇതര ജില്ലക്കാരാണ്.
വകുപ്പുകളിലെ ക്ലർക്കുമാരിലും ഭൂരിപക്ഷവും ഇതര ജില്ലക്കാർ. ചില വകുപ്പ് മേധാവികളുടെ സീറ്റ് ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം വരെയായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവ് കാസർകോട് വരാൻ കാരണവും മറ്റു ജില്ലകളിലുള്ളവർ ഉടൻ സ്ഥലംമാറിപ്പോകുന്നതിനാലാണ്. ആരോഗ്യവകുപ്പിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ക്ഷാമത്തിനും കാരണം ഇതര ജില്ലയിൽനിന്നുള്ളവരുടെ ആധിക്യം തന്നെ.
നിശ്ചിത കാലയളവിൽ ഈ ജില്ലയിൽ ജോലി ചെയ്യണമെന്ന നിർദേശം വന്നാൽ ഇതിനൊക്കെ വലിയ ആശ്വാസമാണ് ലഭിക്കുക.
ജില്ല ഭരണകേന്ദ്രമായ സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ചെങ്കള ഗ്രാമപഞ്ചായത്തിലാണ്. 500 മീറ്റർ അടുത്തുള്ള കാസർകോട് നഗരസഭക്ക് അടുത്താണ് സിവിൽ സ്റ്റേഷൻ. ഇക്കാരണത്താൽ വീട്ടുവാടക അലവൻസിൽ ആയിരങ്ങളുടെ നഷ്ടമാണ് ഓരോ ഉദ്യോഗസ്ഥനും ഓരോ മാസവും നേരിടുന്നത്.
തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി കോർപറേഷൻ പരിധികളിൽനിന്ന് ജോലി ചെയ്യുന്നവർ ഇവിടേക്ക് മാറിയാൽ സിറ്റി അലവൻസ്, വീട്ടുവാടക തുടങ്ങിയിനത്തിൽ ഒരുവർഷം ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകും.
ഇത് പരിഹരിക്കാൻ ധനകാര്യ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. സംസ്ഥാനത്തെ ഒരറ്റം, യാത്ര സൗകര്യക്കുറവ് ഉൾപ്പെടെയുള്ള പ്രയാസത്തേക്കാൾ സർക്കാർ ജീവനക്കാരിൽ കൂടുതലും സാമ്പത്തിക നഷ്ടം തന്നെയാണ് പ്രധാനമായി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.