തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദേശം കേരള സർവകലാശാല വൈസ് ചാൻസലർ നിരാകരിച്ചതാണ് വിവാദത്തിന് അടിസ്ഥാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതുവഴി രാജ്യത്തെ പ്രഥമ പൗരനെ സർക്കാർ അവഹേളിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവാദത്തിന് അടിസ്ഥാനം രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാത്തതാണെന്ന് ഒരു രാഷ്ട്രീയനേതാവ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്.
ഗവർണറോ വി.സിയോ സർക്കാറോ ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. ഡി. ലിറ്റ് സംഭവം ആദ്യം ഉന്നയിച്ച രമേശ് ചെന്നിത്തലയും ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. എല്ലാ സംശയങ്ങൾക്കുമുള്ള സ്ഥിരീകരണമാണ് വി. മുരളീധരന്‍റെ പ്രസ്താവന. 'നാടിനാകെ കളങ്കമേൽപ്പിക്കുന്ന സംഭവമുണ്ടായി' എന്ന് ഗവർണർ പറഞ്ഞതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ഡി. ലിറ്റ് വിഷയമാണെന്ന് മുരളീധരൻ പറഞ്ഞു.
സംഭവത്തിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. സിൻഡിേക്കറ്റ് പോലും ചേരാതെയാണ് രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽേകണ്ട എന്ന തീരുമാനമെടുത്തതെന്നാണ് മനസ്സിലാകുന്നത്. സർവകലാശാല സ്വതന്ത്ര സ്ഥാപനമാണ്. ആ നിലയിൽ സർക്കാറിന് അവരുടെ തീരുമാനത്തിൽ ഇടപെടാൻ അവകാശമില്ല. പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രിയുടെ ഭാഗം വാദിക്കാനുള്ള വക്കീലായി മാറ്റിയിരിക്കുകയാണ്.
പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയായി പ്രതിപക്ഷനേതാവ് മാറി. ഗവർണർക്ക് റെക്കമെന്‍റ് ചെയ്യാൻ എന്ത് അധികാരമെന്നാണ് പ്രതിപക്ഷനേതാവ് ചോദിക്കുന്നത്. വി.ഡി. സതീശന് വിവരമില്ലാത്തത് ഗവർണറുടെ കുറ്റമല്ല. പ്രതിപക്ഷനേതാവിന് സാമാന്യമായിട്ടെങ്കിലും കാര്യങ്ങൾ അറിയാൻ സാധിക്കണമായിരുന്നു. ഡി. ലിറ്റിനുള്ള ശിപാർശ ആർക്കും കൊടുക്കാം. അതാണ് ഗവർണർ ചെയ്തത്. വലിയ ദലിത് സ്നേഹം പ്രകടിപ്പിക്കുന്നവരുടെ ഉള്ളിന്‍റെ ഉള്ളിലുള്ളത് ദലിത് വിരോധമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.