തൃക്കാക്കര: ആം ആദ്മി, ട്വന്‍റി20 വോട്ടുകൾ മറിയുന്ന വഴിയേത് തലപുകച്ച് മുന്നണികൾ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരരംഗത്തില്ലാത്ത ട്വന്‍റി20യും ആം ആദ്മിയും എടുക്കുന്ന നിലപാടിനെക്കുറിച്ച് തലപുകക്കുകയാണ് മൂന്ന് മുന്നണിയും. 2021ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ട്വന്‍റി20 പിടിച്ചത് 13,897 വോട്ടാണ്. മൊത്തം പോൾ ചെയ്ത വോട്ടിന്‍റെ 10.18 ശതമാനമാണ് ട്വന്‍റി20 സ്ഥാനാർഥി ടെറി തോമസ് നേടിയത്. വിജയിച്ച പി.ടി. തോമസിന്‍റെ ഭൂരിപക്ഷം 14,329 വോട്ടും.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ട്വന്‍റി20 കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്, വൈപ്പിൻ, തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഇതിൽ ഒന്നിലും വിജയിക്കാനായില്ലെങ്കിലും ഗണ്യമായ വോട്ടുവിഹിതം നേടി. ട്വന്‍റി20ക്ക് പിന്നിലെ കോർപറേറ്റ് സ്ഥാപനമായ കിറ്റെക്സ് കമ്പനിയുടെ മലിനീകരണത്തിനെതിരെ നേരിട്ട് രംഗത്തിറങ്ങിയ നേതാവാണ് പി.ടി. തോമസ്.

ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി20യും ആം ആദ്മി പാർട്ടിയും ഒന്നിച്ച് സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രചാരണം ഉണ്ടായെങ്കിലും രാഷ്ട്രീയ മത്സരമല്ല നടക്കുന്നതെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പിന്മാറിയിരുന്നു. ട്വന്‍റി20 പിടിച്ച വോട്ടുകൾ ഇക്കുറി ഏത് പെട്ടിയിൽ വീഴുമെന്ന വേവലാതി മൂന്നു മുന്നണിക്കുമുണ്ട്. പി.ടി. തോമസിനോട് കടുത്ത എതിർപ്പാണ് ട്വന്‍റി20 സ്ഥാപകൻ സാബു എം. ജേക്കബ് പ്രകടിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കുന്നത്തുനാട്ടിൽ വിളക്കണക്കൽ സമരത്തിനിടെ ട്വന്‍റി20 പ്രവർത്തകൻ ദീപു മർദനമേറ്റ് മരിച്ചതിന് പിന്നിൽ സി.പി.എമ്മുകാരനായ കുന്നത്തുനാട് എം.എൽ.എയുടെ പങ്കുണ്ടെന്ന് സംഘടന ആരോപിച്ചിരുന്നു. ഇത് സി.പി.എമ്മിനും തിരിച്ചടിയാണ്. കിറ്റെക്സ് കമ്പനിക്കെതിരെ സർക്കാർ വകുപ്പുകൾ നടത്തിയ മിന്നൽ പരിശോധനകളും സി.പി.എം-ട്വന്‍റി20 വൈരാഗ്യം കൂട്ടിയിട്ടുണ്ട്.

2016ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തൃക്കാക്കരയിൽ കിട്ടിയ 15.70 ശതമാനം വോട്ട് 2021ൽ 11.34 ശതമാനമായി ഇടിഞ്ഞതിന് കാരണം ആ വോട്ടുകൾ ട്വന്‍റി20യിലേക്ക് മറിഞ്ഞതാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിയുമോയെന്നതിൽ വ്യക്തതയില്ല.

യു.ഡി.എഫിൽനിന്ന് രണ്ടര ശതമാനവും എൽ.ഡി.എഫിൽനിന്ന് മൂന്നുശതമാനവും വോട്ട് കൊഴിഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടിയുമായി ട്വന്‍റി20 ലയിക്കുമെന്ന് സൂചനകൾ ഉയരുമ്പോൾ ഞായറാഴ്ച എറണാകുളത്ത് എത്തുന്ന അരവിന്ദ് കെജ്രിവാൾ തൃക്കാക്കര തെരഞ്ഞെടുപ്പിൽ പാർട്ടി നയം പ്രഖ്യാപിക്കുമെന്ന് സൂചന നൽകുകയാണ് അണിയറക്കാർ.

Tags:    
News Summary - confusion in different front about Aam Aadmi Party (AAP) and Twenty20 votes in by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.