ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി മുൻ ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെന തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ മുൻ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. വ്യാഴാഴ്ച കുഞ്ഞുമോനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുപിന്നാലെ വാർത്തസമ്മേളനം നടത്തി നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നടപടി. പാർട്ടി മുൻ ബ്ലോക്ക് പ്രസിഡൻറാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ നോട്ടീസിെൻറ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ.
ലിജുവിനെതിരെ ക്വട്ടേഷൻ കൊടുത്ത് ബോർഡുകൾ സ്ഥാപിച്ചെന്നതടക്കമായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ നഗരസഭ പാർലമെൻററി പാർട്ടി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സസ്പെൻഷൻ ചോദ്യംചെയ്ത് വാർത്തസമ്മേളനം നടത്തി പാർട്ടിയെ വെല്ലുവിളിച്ചതാണ് പുറത്താക്കാൻ കാരണമായത്. കാൽനൂറ്റാണ്ടായി നഗരസഭ കൗൺസിലറാണ് കുഞ്ഞുമോൻ.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ തോൽപിക്കാൻ കോൺഗ്രസ് ഉന്നത നേതാവിെൻറ സാന്നിധ്യത്തിൽ ആലപ്പുഴ പുന്നമട റിസോർട്ടിൽ മുൻ ഡി.സി.സി പ്രസിഡൻറ് അടക്കമുള്ളവരുടെ രഹസ്യയോഗം ചേർന്നതായി മുൻ നഗരസഭ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ. നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഡി.സി.സി പ്രസിഡൻറ് എം. ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ സസ്പെൻഷന് വിധേയനായശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് കോൺഗ്രസ് നേതാവുകൂടിയായ കുഞ്ഞുമോൻ ഗുരുതര ആരോപണമുന്നയിച്ചത്.
കേരളത്തില്‍ 19 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രം പരാജയപ്പെടാൻ കാരണം ഈ സംഘത്തിെൻറ പ്രവര്‍ത്തനമായിരുന്നു. അന്ന് പണം കൊണ്ടുവന്ന് പങ്കിട്ടുകൊടുത്ത കേരളത്തിലെ പ്രധാന നേതാവിെൻറ സാന്നിധ്യത്തിലാണ് ഷാനിമോളെ തോൽപിക്കാൻ തീരുമാനിച്ചത്. അത് ആരാണെന്ന് പിന്നീട് വെളിപ്പെടുത്തും. ഷാനിമോളുടെ തോൽവിയുമായി ബന്ധപ്പെട്ട് രണ്ട് ബ്ലോക്ക് പ്രസിഡൻറുമാരെ പുറത്താക്കി നേതൃത്വം തലയൂരി.
അതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്കെതിരെ നടപടിയുണ്ടായില്ല. കോൺഗ്രസ് സ്ഥാനാർഥിയെ തോൽപിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പ്രസിഡൻറ് എന്നനിലയിൽ തെൻറ വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി. ഇക്കാര്യം അന്നേ തുറന്നുപറഞ്ഞിരുന്നെങ്കിൽ തന്നെ പുറത്താക്കുമായിരുന്നു.
നിയമസഭ തെരെഞ്ഞടുപ്പിൽ ന്യൂനപക്ഷങ്ങൾ വോട്ടുചെയ്യാത്തതിനാലാണ് കോൺഗ്രസ് തോറ്റത്. എന്നിട്ടും അമ്പലപ്പുഴ മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്തം തെൻറ തലയിൽ കെട്ടിെവച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇനി കോൺഗ്രസിെൻറ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കും. കൗൺസിലർ സ്ഥാനം രാജിവെക്കാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.