കെ. മുരളീധരൻ
തിരുവനന്തപുരം: രണ്ടാം യു.ഡി.എഫ് തരംഗത്തിന്റെ ആവേശത്തിലും തൃശൂരിലെ തോൽവിയിൽ പുകഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം. തന്നെ കുരുതികൊടുത്തുവെന്ന പരിഭവവുമായി രംഗത്തുവന്ന കെ. മുരളീധരൻ തൽക്കാലം പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുകയാണെന്ന നിലപാടിലാണ്. ആദ്യപ്രതികരണത്തിൽ തന്നെ തുറന്നടിച്ച മുരളി വരുംദിനങ്ങളിൽ ആഞ്ഞടിച്ചേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
മുരളിയുടെ പരിഭവം ശരിവെച്ച് രംഗത്തുവന്ന കെ.സി. വേണുഗോപാലും കെ. സുധാകരനും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ്. മുരളീധരനെ ആശ്വസിപ്പിക്കാൻ പുതിയ പദവി ഉൾപ്പെടെ കോൺഗ്രസിൽ ചർച്ചയാണ്. മൂന്നു സാധ്യതകളാണ് മുന്നിലുള്ളത്.
വയനാട് രാഹുൽ ഗാന്ധി ഒഴിയുകയാണെങ്കിൽ അവിടെ മത്സരിക്കാം. ഇനി അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ച മുരളി അത് സ്വീകരിക്കുമോയെന്നതിൽ വ്യക്തതയില്ല. അപ്പോഴും പ്രിയങ്ക ഗാന്ധി വരുന്നില്ലെങ്കിൽ മാത്രമേ അതിന് സാധ്യതയുള്ളൂ.
യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്റ് പദവികളാണ് പിന്നെയുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്ന മുരളിക്ക് അതിൽ താൽപര്യവുമുണ്ട്. ആരോഗ്യസ്ഥിതി പരിഗണിച്ച് മാറ്റാൻ ആലോചനയുണ്ടെങ്കിലും തരംഗം തീർത്ത ജയത്തിന് പിന്നാലെ മാറാൻ പറഞ്ഞാൽ കെ. സുധാകരൻ ക്ഷോഭിക്കുമെന്നുറപ്പ്. മാത്രമല്ല, മുരളി വീണ്ടും കെ.പി.സി.സി തലപ്പത്ത് വരുന്നതിൽ എ ഗ്രൂപ്പിന് എതിർപ്പുണ്ട്.
എം.എം. ഹസനെ മാറ്റി യു.ഡി.എഫ് കൺവീനർ സ്ഥാനം നൽകുന്നതിലും സമാന പ്രശ്നങ്ങളുണ്ട്. കോൺഗ്രസ് ജയത്തിന് മുസ്ലിം വോട്ട് കാര്യമായ പിൻബലമാണെന്നിരിക്കെ, ഹസനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഭീതി നേതൃത്വത്തിനുണ്ട്. പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ തലപ്പത്ത് മുരളീധരൻ വരേണ്ടത് അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് വലിയൊരു വിഭാഗം പാർട്ടി അണികൾ.
മുരളീധരൻ പ്രകടിപ്പിക്കുന്ന കടുത്ത അമർഷം ഹൈകമാൻഡ് ഇടപെടൽ ക്ഷണിച്ചുവരുത്താനുള്ള സമ്മർദമാണ്. മുസ്ലിം ലീഗ് ഉൾപ്പെടെ സഖ്യകക്ഷികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കോൺഗ്രസ് നേതൃത്വം മുരളിയെ നിരാശപ്പെടുത്തരുതെന്ന പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിട്ടുണ്ട്. വടകരയിൽ ജയിക്കാമെന്ന വിശ്വാസത്തിലായിരുന്ന മുരളീധരനെ രായ്ക്കുരാമായനമാണ് തൃശൂരിലേക്ക് മാറ്റിയത്.
ആ നീക്കത്തിന് പിന്നിലാരെന്ന് ചർച്ചയായാൽ അത് പാർട്ടിയെ കലുഷിതമാക്കുമെന്നുറപ്പ്. നേതൃത്വം പറഞ്ഞപ്പോൾ നേമത്തും വടകരയിലും ഇപ്പോൾ തൃശൂരിലും ധീരമായി വെല്ലുവിളി ഏറ്റെടുത്ത പോരാളിയെന്ന പ്രതിച്ഛായയാണ് കെ. മുരളീധരന് പൊതുവിലുള്ളത്. അത് പരിഗണിക്കാതിരിക്കാൻ ഹൈകമാൻഡിന് കഴിയില്ല.
കരുണാകരൻ സ്മാരക മന്ദിരത്തിന്റെ ജോലികളിൽ ശ്രദ്ധയൂന്നാനാണ് മുരളിയുടെ തീരുമാനം. വട്ടിയൂർക്കാവുമായുള്ള ആത്മബന്ധം അദ്ദേഹം ഇതുവരെ വിട്ടിട്ടില്ല. വടകരയിൽ എം.പി ആയിരിക്കുമ്പോഴും ആഴ്ചയിൽ രണ്ടുദിവസം അദ്ദേഹം വട്ടിയൂർക്കാവിൽ എത്തുമായിരുന്നു. മണ്ഡലത്തിൽ ഓഫിസും പ്രവർത്തിക്കുന്നു. നിയമസഭയിലേക്ക് തിരിച്ചുവരുന്നുവെങ്കിൽ അത് വട്ടിയൂർക്കാവ് വഴിയാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.