പയ്യന്നൂർ: കോൺഗ്രസ് നേതാവ് കെ.പി. കുഞ്ഞിക്കണ്ണന്റെ വിയോഗത്തിലൂടെ ഉത്തര കേരളത്തിലെ കോൺഗ്രസിന്റെ ജനകീയ മുഖമാണ് ഇല്ലാതായത്. രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും ചിരിച്ച് കുശലം ചോദിക്കുന്ന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
നേതാവ് കെ. കരുണാകരൻ രാഷ്ട്രീയത്തിന്റെ ബാലപാഠം പകർന്നു നൽകിയ നേതാക്കളിൽ പ്രഥമസ്ഥാനമാണ് കെ.പി. കുഞ്ഞിക്കണ്ണനുള്ളത്. അതിനാൽ തന്നെ ഏറെ ജനകീയനായ കോൺഗ്രസ് നേതാവായി മാറാൻ കെ.പിക്ക് സാധിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമുൾപ്പെടെയുള്ള നേതാക്കൾ വളർന്നുവന്ന കടന്നപ്പള്ളി ഗ്രാമം തന്നെയാണ് കെ.പിയുടെയും ജന്മസ്ഥലം. കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമമായ കടന്നപ്പള്ളിയിൽ ദേശീയ പ്രസ്ഥാനകാലം മുതൽ തന്നെ കോൺഗ്രസിന് വളക്കൂറുള്ള കണ്ടോന്താറിലാണ് കെ.പി. കുഞ്ഞിക്കണ്ണൻ രാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിച്ചത്. എതിരാളികളോടും പരിമിതികളോടും ഏറ്റുമുട്ടിയാണ് രാഷ്ട്രീയ കളരിയിൽ പയറ്റിത്തെളിഞ്ഞത്. പ്രദേശത്ത് പാർട്ടിയെയും നേതാക്കളെയും വളർത്താൻ അദ്ദേഹത്തിന്റെ ജനകീയ ഇടപെടൽ സഹായിച്ചു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലൂടെ വളർന്ന അദ്ദേഹത്തിന്റെ തട്ടകം പിന്നീട് കാസർകോട്ടേക്ക് മാറി.
നല്ല സംഘാടകനും പ്രഭാഷകനുമായി വളർന്ന കെ.പി. ലീഡറുടെ മാനസപുത്രനായി മാറാൻ അധികകാലം വേണ്ടിവന്നില്ല. സ്നേഹിക്കുന്നവരെ കൈവിടാത്ത ലീഡർ കെ.പിക്ക് മകൻ മുരളീധരന്റെ സ്ഥാനമാണ് നൽകിയത്. ഈ അടുപ്പമാണ് ഉദുമയുടെ ജനപ്രതിനിധിയാവാനുള്ള നിയോഗത്തിനു പിന്നിലും. കോൺഗ്രസുകാരെയും മാർക്സിസ്റ്റുകാരെയും മാറി മാറി പരീക്ഷിക്കാറുള്ള ഉദുമ ജനത 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുൈകയ്യും നീട്ടിയാണ് കെ.പി. കുഞ്ഞിക്കണ്ണനെ സ്വീകരിച്ചത്. സ്വന്തം നാടുമായി ബന്ധമില്ലാതെ പയ്യന്നൂരുകാരനായിട്ടു പോലും കുഞ്ഞിക്കണ്ണന് ഉദുമയിലെ വോട്ടർമാർ നൽകിയ പിന്തുണ കെ. കരുണാകരൻ എന്ന നേതാവിനോടുള്ള കടപ്പാടുകൂടിയാണ് അടയാളപ്പെടുത്തിയത്. എന്നാൽ, പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും 2016ൽ തൃക്കരിപ്പൂർ മണ്ഡലത്തിലും പരാജയപ്പെട്ടുവെങ്കിലും കാസർകോടുമായുള്ള അടുപ്പം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.